Asianet News MalayalamAsianet News Malayalam

ബിസിസിഐ കോണ്‍ട്രാക്റ്റിലുള്ള താരങ്ങളുടെ പ്രതിഫലം വര്‍ധിപ്പിച്ചോ? ഒന്നും മിണ്ടാതെ അധികൃതര്‍

നിലവില്‍ വാര്‍ഷിക കരാറില്‍ പറഞ്ഞിരിക്കുന്ന തുകക്ക് പുറമെ ഒരു ടെസ്റ്റ് മത്സരം കളിക്കുന്ന താരത്തിന് 15 ലക്ഷം രൂപയാണ് മാച്ച് ഫീസായി ലഭിക്കുന്നത്. ഏകദിനത്തില്‍ ഇത് ആറ് ലക്ഷവും ടി20യില്‍ മൂന്ന് ലക്ഷവുമാണ്.

ow every cricketer under bcci contract earn annually
Author
First Published Feb 28, 2024, 10:32 PM IST

മുംബൈ: യുവതാരങ്ങള്‍ക്കിടയില്‍ ടെസ്റ്റ് ക്രിക്കറ്റിനോടുള്ള താല്‍പര്യം കൂട്ടാനായി ബിസിസിഐ പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിച്ച് യുവതാരങ്ങള്‍ ഐപിഎല്ലിന് പിന്നാലെ പോവുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിലാണ് ബിസിസിഐ മറുതന്ത്രം ആലോചിച്ചത്. ടെസ്റ്റ് താരങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കാനാണ് ബിസിസിഐ തയാറെടുക്കുന്നത്. പുതിയ നിര്‍ദേശം അനുസരിച്ച് കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന താരങ്ങള്‍ക്ക് വാര്‍ഷിക കരാറിലെ തുകക്ക് പുറമെ അധിക അനുകൂല്യം കൂടി നല്‍കുന്ന രീതിയിലാണ് പ്രതിഫലഘടന മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നത്. 

നിലവില്‍ വാര്‍ഷിക കരാറില്‍ പറഞ്ഞിരിക്കുന്ന തുകക്ക് പുറമെ ഒരു ടെസ്റ്റ് മത്സരം കളിക്കുന്ന താരത്തിന് 15 ലക്ഷം രൂപയാണ് മാച്ച് ഫീസായി ലഭിക്കുന്നത്. ഏകദിനത്തില്‍ ഇത് ആറ് ലക്ഷവും ടി20യില്‍ മൂന്ന് ലക്ഷവുമാണ്. മാച്ച് ഫീസ് ഇനത്തില്‍ വര്‍ധന വരുത്തിയില്ലെങ്കിലും കൂടുതല്‍ ടെസ്റ്റ് കളിക്കുന്നവര്‍ക്ക് വാര്‍ഷിക ബോണസ് എന്ന രീതിയില്‍ കൂടുതല്‍ തുക നല്‍കുക എന്നതാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് കൂടുതല്‍ യുവതാരങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ബിസിസിഐ കണക്കുകൂട്ടുന്നത്. 

ഇന്നാണ് ബിസിസിഐ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പുതിയ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ഒരു തീരുമാനവും ബിസിസിഐ എടുത്തിട്ടില്ല. കഴിഞ്ഞ സീസണിലെ വാര്‍ഷിക കരാര്‍ പ്രകാരം എ+ കാറ്റഗറി താരങ്ങള്‍ക്ക് ഏഴ് കോടിയാണ് പ്രതിഫലം. എ ഗ്രേഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് കോടി. ബി ഗ്രേഡിലുള്ളവര്‍ക്ക് മൂന്ന് കോടിയും സി ഗ്രേഡുകാര്‍ക്ക് ഒരു കോടിയും ലഭിക്കും. മാത്രമല്ല, താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിലും തീരുമാനമായില്ല. കഴിഞ്ഞ വര്‍ഷത്തെ അതേ പ്രതിഫലം വീണ്ടും നല്‍കാനാണ് സാധ്യത. 

യുവതാരങ്ങളായ ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാതെ ടി20 ടൂര്‍ണമെന്റിലും ഐപിഎല്ലിലും കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ടെസ്റ്റ് ടീമില്‍ നിന്ന് വിട്ടു നിന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ നീക്കത്തെ കുറിച്ച് ആലോചിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് തൊട്ടു മുമ്പ് വിശ്രമം ആവശ്യപ്പെട്ട് ടീം വിട്ട ഇഷാന്‍ കിഷന്‍ ബിസിസിഐ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിക്കാന്‍ തയാറായില്ല. 

അരങ്ങേറ്റം നന്നായി! എന്നിട്ടും എന്തുകൊണ്ട് സര്‍ഫറാസും ജുറെലും ബിസിസിഐ കോണ്‍ട്രാക്റ്റില്‍ നിന്ന് തഴയപ്പെട്ടു?

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ കളിച്ച ശ്രേയസ് അയ്യരാകട്ടെ പുറം വേദനയുണ്ടെന്ന് പറഞ്ഞ് ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടു നിന്നു. പരിക്കൊന്നുമില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടും രഞ്ജി ട്രോഫിയില്‍ മുംബൈക്കായി ക്വാര്‍ട്ടറില്‍ കളിക്കാന്‍ ശ്രേയസ് തയാറായില്ല. ഇതാണ് ടെസ്റ്റ് കളിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രതിഫലമെന്ന നിലപാടിലേക്ക് ബിസിസിഐയെ എത്തിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios