ധാക്ക: കൊറോണ ഭീതിയെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ പാകിസ്ഥാന്‍ പര്യടനവും അനിശ്ചിത്വത്തില്‍. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ബംഗ്ലാദേശിന്റെ പാക് പര്യടനം നടക്കുന്നത്. ഏപ്രില്‍ ഒന്നിനാണ് അവസാനഘട്ടം ആരഭിക്കുക. ഓരോ ഏകദിനവും ടെസ്റ്റുമാണ് അവസാന ഘട്ടത്തിലുള്ളത്. കറാച്ചിയാണ് മത്സരത്തിന്റെ വേദി. 

എന്നാല്‍ പാകിസ്ഥാനില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വെള്ളിയാഴ്ച 21 ആയി ഉയര്‍ന്നിരുന്നു. ഇതില്‍ 16ഉം റിപ്പോര്‍ട്ട് ചെയ്തത് മത്സരം നടക്കേണ്ട കറാച്ചിയിലാണ്. അതുകൊണ്ട് തന്നെ പരമ്പര നടക്കുമോ എന്നുള്ള കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. ഇക്കാര്യത്തെ കുറിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് നിസാമുദ്ദീനുമായി സംസാരിച്ചിരുന്നുവെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് വസീം ഖാന്‍ പറഞ്ഞു.

എന്നാല്‍ മൂന്ന് ദിവസത്തിനകം മറുപടി അറിയിക്കാമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് വസീം കാന്‍ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 26നാണ് പാകിസ്ഥാനില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ചത്. കൊവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് വിവിധ ക്രിക്കറ്റ് പരമ്പരകളും ഫുട്‌ബോള്‍ ലീഗുകളും മാറ്റിവച്ചിരുന്നു.