14.6 ഓവറില്‍ 48 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്‌ടമായ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്‍റെ ഒന്‍പതാം ടെസ്റ്റ് സെഞ്ചുറിയുടെ കരുത്തിലാണ് പിന്നീട് കരകയറിയത്

കറാച്ചി: ന്യൂസിലന്‍ഡിന് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നായകന്‍ ബാബര്‍ അസമിന്‍റെ സെഞ്ചുറിക്കരുത്തില്‍ പാകിസ്ഥാന്‍ ശക്തമായ നിലയില്‍. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ച് വിക്കറ്റിന് 317 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍. ബാബര്‍ 277 പന്തില്‍ 161* ഉം അഗാ സല്‍മാന്‍ 16 പന്തില്‍ 3* റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്നു. കിവീസിനായി അജാസ് പട്ടേലും മിച്ചല്‍ ബ്രേസ്‌വെല്ലും രണ്ട് വീതവും ടിം സൗത്തി ഒരു വിക്കറ്റും വീഴ്‌ത്തി. 

14.6 ഓവറില്‍ 48 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്‌ടമായ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്‍റെ ഒന്‍പതാം ടെസ്റ്റ് സെഞ്ചുറിയുടെ കരുത്തിലാണ് പിന്നീട് കരകയറിയത്. ഓപ്പണര്‍മാരായ അബ്‌ദുള്ള ഷഫീഖ് 14 പന്തില്‍ ഏഴ് റണ്‍സെടുത്ത് അജാസിനും ഇമാം ഉള്‍ ഹഖ് 38 പന്തില്‍ 24 റണ്‍സെടുത്ത് ബ്രേ‌സ്‌വെല്ലിനും വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 10 പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത് മൂന്നാമന്‍ ഷാന്‍ മസൂദും ബ്രേസ്‌വെല്ലിന് കീഴടങ്ങിയതോടെ പാകിസ്ഥാന്‍ കനത്ത പ്രതിരോധത്തിലായി. എന്നാല്‍ സൗദ് ഷക്കീലിനെ കൂട്ടുപിടിച്ച് പാകിസ്ഥാനെ കരകയറ്റാന്‍ ശ്രമിച്ചു ബാബര്‍ അസം. സൗദ് 34 പന്തില്‍ 22 റണ്‍സുമായി 29-ാം ഓവറില്‍ സൗത്തിക്ക് കീഴടങ്ങിയതോടെ പാകിസ്ഥാന്‍ വീണ്ടും പ്രതിരോധത്തിലായി. 

അവിടുന്ന് അഞ്ചാം വിക്കറ്റില്‍ 196 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി ബാബറും സര്‍ഫറാസ് അഹമ്മദും പാകിസ്ഥാനെ കരകയറ്റുകയായിരുന്നു. ആദ്യ ദിനം 86-ാം ഓവറില്‍ സര്‍ഫറാസ്(153 പന്തില്‍ 86) അജാസിന് വിക്കറ്റിന് സമ്മാനിച്ച് മടങ്ങി. ഇതിനിടെ ഒന്‍പതാം ടെസ്റ്റ് സെഞ്ചുറി പിന്നിട്ടിരുന്ന ബാബറിലാണ് പാകിസ്ഥാന് ഇനി പ്രതീക്ഷ. അഗാ സല്‍മാനാണ് ക്രീസില്‍ കൂട്ട്. 317-5 എന്ന ടീം സ്കോറില്‍ ഇരുവരും രണ്ടാംദിനം ബാറ്റിംഗ് തുടങ്ങും. 

എല്ലാ ഫോര്‍മാറ്റിലുമായി 2022ലെ എട്ടാം അന്താരാഷ്‍ട്ര സെഞ്ചുറിയാണ് ബാബർ അസം ഇന്ന് നേടിയത്. കറാച്ചി ഇന്നിംഗ്‌സോടെ രാജ്യാന്തര ക്രിക്കറ്റില്‍ ബാബര്‍ അസം തന്‍റെ സെഞ്ചുറി നേട്ടം 28ലെത്തിച്ചു. ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണം 9 ആയി. 2022ല്‍ ബാബറിന്‍റെ നാലാം ടെസ്റ്റ് സെഞ്ചുറിയാണിത്. 16 ഇന്നിംഗ്‌സുകളില്‍ ഇതിന് പുറമെ ഏഴ് അര്‍ധ സെഞ്ചുറികളും പാക് നായകനുണ്ട്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ രാജ്യാന്തര റണ്‍സും ബാബറിന്‍റെ പേരിലാണ്. 

ഈ വര്‍ഷം എട്ടാം സെഞ്ചുറി; ഇതിഹാസങ്ങളെ പിന്നിലാക്കി ബാബര്‍ അസം; പോണ്ടിംഗും ലാറയും വോയും പിന്നിലായി