രണ്ട് ടീമിനും തുല്യ സ്‌കോര്‍, 252! പാകിസ്ഥാനെതിരെ ടൈ ആവേണ്ട മത്സരം എങ്ങനെ ശ്രീലങ്ക ജയിച്ചു? നിയമം ഇങ്ങനെ
മഴയെ തുടര്‍ന്ന് മത്സരം വൈകിയാണ് ആരംഭിച്ചത്. ഇതോടെ അഞ്ച് ഓവറുകള്‍ വെട്ടിചുരുക്കേണ്ടി വന്നു. പിന്നീട് പാകിസ്ഥാന്‍ ബാറ്റിംഗ് ആരംഭിച്ചപ്പോഴും മഴയെത്തി. വീണ്ടും മൂന്ന് ഓവറുകള്‍ കുറയ്‌ക്കേണ്ടി വന്നു. ഇതോടെ 42 ഓവര്‍ മത്സരമായി.

കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ ജയത്തോടെ ശ്രീലങ്ക ഫൈനലില്‍ പ്രവേശിച്ചിരുന്നു. ഇതോടെ പാകിസ്ഥാന്‍ പുറത്താവുകയും ചെയ്തു. എന്നാല്‍ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചത് സ്‌കോര്‍ബോര്‍ഡാണ്. മഴയെ തുടര്‍ന്ന് 42 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ രണ്ട് ടീമിന്റേയും സ്‌കോര്‍ 252 റണ്‍സായിരുന്നു. എന്നിട്ടും എങ്ങനെയാണ് ശ്രീലങ്ക ജയിക്കുന്നത് എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ചോദിക്കുന്നത്.
അതിന് കാരണവുമുണ്ട്. മഴയെ തുടര്‍ന്ന് മത്സരം വൈകിയാണ് ആരംഭിച്ചത്. ഇതോടെ അഞ്ച് ഓവറുകള്‍ വെട്ടിചുരുക്കേണ്ടി വന്നു. പിന്നീട് പാകിസ്ഥാന്‍ ബാറ്റിംഗ് ആരംഭിച്ചപ്പോഴും മഴയെത്തി. വീണ്ടും മൂന്ന് ഓവറുകള്‍ കുറയ്‌ക്കേണ്ടി വന്നു. ഇതോടെ 42 ഓവര്‍ മത്സരമായി. ഇത്രയും ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. ശ്രീലങ്കയും ഇത്രയും തന്നെ ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില് 252 റണ്‍സ് നേടി. ഒരേ സ്‌കോറായതിനാല്‍ മത്സരം ടൈ ആവേണ്ടതല്ലേ എന്നാണ് ആരാധകരുടെ ചോദ്യം.
50 ഓവര്‍ മത്സരമായിരുന്നെങ്കില്‍ ടൈയില്‍ അവസാനിക്കുമായിരുന്നു. 45 ഓവര്‍ ആയിരുന്നാലും ഇതുതന്നെയായിരിക്കും അവസ്ഥ. എന്നാല്‍ പാകിസ്ഥാന്‍ ബാറ്റ് ചെയ്യുന്നതിനിടെ രണ്ടാം മഴ പെയ്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. മഴയെത്തുമ്പോള്‍ പാകിസ്ഥാന്‍ 27.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില് 130 റണ്‍സ് എന്ന നിലയിലായിരുന്നു. പിന്നീട് 45 മിനിറ്റിനു ശേഷം കളി പുനരാരംഭിച്ചപ്പോള്‍, മൂന്ന് ഓവര്‍ കൂടി കുറച്ചു. പാക് ഇന്നിംഗ്‌സ് അവസാനിച്ചപ്പോള്‍ സ്‌കോര്‍ സ്‌കോര്‍ 252. എന്നാല്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ശ്രീലങ്കയുടെ മുന്നില്‍ പുതിയ വിജയലക്ഷ്യം വന്നു. പാകിസ്ഥാന്റെ മൊത്തം റണ്‍സില്‍ നിന്ന് ഒരു റണ്‍ കുറഞ്ഞു. ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 252 റണ്‍.
എന്നാലും ചോദ്യം ബാക്കി. പാകിസ്ഥാന് ഏഴ് വിക്കറ്റുകളാണ് നഷ്ടമായത്. ശ്രീലങ്കയ്ക്ക് എട്ടും. ഇക്കാര്യം മൊത്തം റണ്‍സില്‍ മാറ്റം കൊണ്ടുവില്ലേയെന്നാണ് ചോദ്യം. എന്നാല്‍ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ എത്ര വിക്കറ്റുകള്‍ നഷ്ടമായി എന്നത് പ്രശ്‌നമല്ല. മഴ നിലയ്ക്കുന്നതി മുമ്പ് അവര്‍ക്ക് നഷ്ടപ്പെടുന്ന വിക്കറ്റുകളുടെ എണ്ണമാണ് ലക്ഷ്യം നിര്‍ണയിക്കുക. മഴയ്ക്ക് മുമ്പ് പാകിസ്ഥാന്‍ അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്. അതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ അന്തിമ തുക കണക്കാക്കിയത്.
മഴ നിലയ്ക്കുന്നതിന് മുമ്പ് അവസാന പന്തില്‍ മുഹമ്മദ് നവാസ് പുറത്തായിരുന്നില്ലെങ്കില്‍ ശ്രീലങ്കയ്ക്ക് 252 റണ്‍സിന് പകരം 255 റണ്‍സ് വിജയലക്ഷ്യം ലഭിക്കുമായിരുന്നു. നാലില്‍ കുറവ് വിക്കറ്റാണ് പാകിസ്ഥാന് നഷ്ടമായിരുന്നതെങ്കില്‍ കൂടുതല്‍ റണ്‍സ് പാകിസ്ഥാന് കൂട്ടിചേര്‍ക്കാമായിരുന്നു.
