Asianet News MalayalamAsianet News Malayalam

ജേതാക്കളായിട്ടും ഇന്ത്യക്ക് ഒന്നാം റാങ്കിന്റെ പകിട്ടില്ല! പാകിസ്ഥാന്‍ വീണ്ടും തലപ്പത്ത്, ഓസീസിന് തിരിച്ചടി

അടുത്ത ഇന്ത്യ - ഓസ്ട്രേലിയ പരമ്പര ജയിക്കുന്ന ടീം ലോകകപ്പിന് മുമ്പ് ഒന്നാമതെത്തും. ഓസീസിനതെിരെ പരമ്പര നേട്ടത്തോടെ ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തെത്തി.

pakistan back to top in odi ranking after asia cup saa
Author
First Published Sep 17, 2023, 9:46 PM IST

ദുബായ്: ഏഷ്യാ കപ്പിന്റെ ഫൈനല്‍ കാണാതെ പുറത്തായെങ്കിലും ഐസിസി ഏകദിന റാങ്കിംഗില്‍ പാകിസ്ഥാന്‍ ഒന്നാമതെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഓസ്‌ട്രേലിയ അടിയറവ് പറഞ്ഞതോടെയാണിത്. ഇന്ന് അവസാന മത്സരത്തിന് മുമ്പ് 115 പോയിന്റാണ് ഓസീസിന് ഉണ്ടായിരുന്നത്. എന്നാല്‍ അഞ്ചാം ഏകദിനം ഓസീസ് തോറ്റതോടെ മൂന്നാം സ്ഥാനത്തേക്കിറങ്ങി. 113 പോയിന്റാണിപ്പോള്‍ ഓസീസിന്. ഏഷ്യാ കപ്പ് കിരീടം ഇന്ത്യ നേടിയെങ്കിലും സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനോടേറ്റ തോല്‍വിയാണ് ഇന്ത്യക്ക് വിനയായത്. അല്ലെങ്കില്‍ ഇന്ത്യക്ക് ഒന്നാമതെത്താമായിരുന്നു. നിലവില്‍ ഇന്ത്യക്കും പാകിസ്ഥാനും 115 പോയിന്റാണുള്ളത്. 

എന്നാല്‍ നേരിയ വ്യത്യാസത്തില്‍ പാകിസ്ഥാന്‍ ഒന്നാമത്. അടുത്ത ഇന്ത്യ - ഓസ്ട്രേലിയ പരമ്പര ജയിക്കുന്ന ടീം ലോകകപ്പിന് മുമ്പ് ഒന്നാമതെത്തും. ഓസീസിനതെിരെ പരമ്പര നേട്ടത്തോടെ ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെ മറികടന്നാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. അഞ്ചാമതുള്ള ഇംഗ്ലണ്ടിന് 105 പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് 106 പോയിന്റുണ്ട്. ന്യൂസിലന്‍ഡ് (100), ബംഗ്ലാദേശ് (94), ശ്രീലങ്ക (92), അഫ്ഗാനിസ്ഥാന്‍ (80), വെസ്റ്റ് ഇന്‍ഡീസ് (68) എന്നിവരാണ് യഥാക്രമം ആറ് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍.

കൊളംബോയില്‍ ഏഷ്യാകപ്പ് ഫൈനലില്‍ 10 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ നേടിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 15.2 ഓവറില്‍ 50ന് എല്ലാവരും കൂടാരം കയറുകയായിരുന്നു. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ലങ്കയെ തകര്‍ത്തത്. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ഇന്ത്യ ലക്ഷ്യം മറികടന്നു. ഇഷാന്‍ കിഷന്‍ (23), ശുഭ്മാന്‍ ഗില്‍ (27) പുറത്താവാതെ നിന്നു.

ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായക അഞ്ചാം ഏകദിനത്തില്‍ 122 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-2ന് സ്വന്തമാക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സാണ് നേടിയത്. 93 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഓസീസ് 34.1 ഓവറില്‍ എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ മാര്‍കോ ജാന്‍സന്‍ ഓസീസിനെ തകര്‍ത്തത്. കേശവ് മഹാരാജ് നാല് വിക്കറ്റ് വീഴ്ത്തി.

ഭാവിയിലേക്ക് എല്ലാവിധ ആശംസകളും! ഏഷ്യാ കപ്പ് നേടിയ ഇന്ത്യന്‍ ടീമിന് പിണറായി വിജയന്റെ പ്രത്യേക സന്ദേശം

Follow Us:
Download App:
  • android
  • ios