സതാംപ്ടണ്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ആശംസകളുമായി പാകിസ്ഥാന്‍ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റന്‍ ബാബര്‍ അസം. ആഗസ്റ്റ് 15നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്. ശേഷം നിരവധി പേര്‍ ധോണിക്ക് ആശംസകളുമായെത്തിരുന്നു. മുന്‍ പാകിസ്ഥാന്‍ താരങ്ങളായ ഷൊയ്ബ് അക്തര്‍, വസിം അക്രം എന്നിവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അതിന് പിന്നാലെയാണ് അസം ധോണിയുടെ ക്യാപ്റ്റന്‍സിയേയും മറ്റും പുകഴ്ത്തി രംഗത്തെത്തിയത്. 

ഇപ്പോള്‍ ഇംഗ്ലണ്ട് പര്യടനത്തിലുള്ള അസം ട്വിറ്ററിലാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ട്വീറ്റ് ഇങ്ങനെ.... ''ഇത്രയും കാലത്തെ ക്രിക്കറ്റ് കരിയര്‍ പൂര്‍ത്തിയാക്കിയതിന് അഭിനന്ദങ്ങള്‍. നിങ്ങളുടെ ക്യാപ്റ്റന്‍സി, ആത്മാര്‍ത്ഥത ഇവയെല്ലാം എല്ലാകാലത്തും ക്രിക്കറ്റ് ലോകത്ത് ഓര്‍മിക്കപ്പെടും. തുടര്‍ന്നുള്ള താങ്കളുടെ ജീവിതം സുഖകരമായിരിക്കട്ടെയെന്ന് ആശംസിക്കുന്നു.'' അസം കുറിച്ചിട്ടു. 

ഇംഗ്ലണ്ട്- പാകിസ്ഥാന്‍ മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ച ശേഷമാണ് അസം ട്വീറ്റ് ചെയ്തത്. ഇന്ത്യക്കപ്പുറത്ത് താരത്തിന്റെ മൂല്യമെന്തെന്ന് പറയുന്നത് അസമിന്റെ ട്വീറ്റ്. നിലവില്‍ ഐപിഎല്ലിന് വേണ്ടി തയ്യാറെടുക്കുകയാണ് ധോണി. ചെന്നൈയില്‍ പരിശീലനത്തിലാണ് അദ്ദേഹം. അടുത്തമാസം 19നാണ് ഐപിഎല്‍ ആരംഭിക്കുക.