ആദ്യ വെടി പൊട്ടിച്ച് പാക് ക്യാപ്റ്റന്‍ ബാബര്‍ അസം! ലോകകപ്പിനെത്തും മുമ്പ് ടീമിന്റെ ശക്തി തുറന്ന് പറഞ്ഞ് താരം
ലോകകപ്പിന് മുമ്പ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. കിരീടം നേടാനാകുമെന്നാണ് അസം പറയുന്നത്.

ദുബായ്: ഏകദിന ലോകകപ്പിനെത്തുന്ന പാകിസ്ഥാന്‍ താരങ്ങള്‍ക്കുള്ള ഇന്ത്യന്‍ വിസ ഏറെ വൈകിയാണ് അനുവദിച്ചത്. ടീം ഇന്ന് ഹൈദരബാദിലെത്തുമെന്നാണ് കരുതുന്നത്. 29ന് ന്യൂസിലന്‍ഡുമായി സന്നാഹ മത്സരം കളിക്കേണ്ടതുണ്ട് അവര്‍ക്ക്. ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര നേടിയാണ് ന്യൂസിലന്‍ഡ് ഇന്ത്യയിലെത്തുന്നത്. പാകിസ്ഥാനാവട്ടെ, ഏഷ്യാ കപ്പിന്റെ സെമി ഫൈനലിെത്താന്‍ പോലും സാധിച്ചിരുന്നില്ല.
എന്നാല്‍ ലോകകപ്പിന് മുമ്പ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. കിരീടം നേടാനാകുമെന്നാണ് അസം പറയുന്നത്. പാക് ക്യാപ്റ്റന്റെ വാക്കുകള്‍... ''ഇന്ത്യ വേദിയാവുന്ന ലോകകപ്പില്‍ കിരീടം നേടാന്‍ പാകിസ്ഥാന് കഴിയും. അതിനുള്ള കരുത്ത് ടീമിനുണ്ട്. ഇന്ത്യയില്‍ കളിക്കുന്നതില്‍ ടീമിന് സമ്മര്‍ദ്ദമൊന്നുമില്ല. ടീം പൂര്‍ണ സജ്ജമാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പാകിസ്ഥാന്‍ ഏകദിന ലോകപ്പിനായി ഇന്ത്യയിലേക്ക് വരുന്നത്. മുഹമ്മദ് നവാസും അഗ സല്‍മാനും ഒഴികെ നായകന്‍ ബാബര്‍ അസം ഉള്‍പ്പടെ ടീമിലെ ബാക്കിതാരങ്ങളാരും മുന്‍പ് ഇന്ത്യയില്‍ കളിച്ചിട്ടില്ല. അത് വെല്ലുവിളിയാണ്. പരിക്കേറ്റ പേസര്‍ നസീം ഷായുടെ അഭാവം തിരിച്ചടിയാവും. അവസാന മത്സരങ്ങളില്‍ തന്റെയും ടീമിന്റെയും പ്രകടനം മികച്ചതല്ലായിരുന്നുവെങ്കിലും ആശങ്കയില്ല.'' ബാബര്‍ വ്യക്തമാക്കി.
ന്യൂസിന്‍ഡിനെതിരെ ആദ്യ സന്നാഹമത്സരത്തിന് ശേഷം ഒക്ടോബര്‍ മൂന്നിന് ഓസ്‌ട്രേലിയയെയും പാകിസ്ഥാന്‍ നേരിടും. ആറിന് നെതര്‍ലന്‍ഡ്‌സിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ ലോകകപ്പ് മത്സരം. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്ഥാന്‍ മത്സരം ഒക്ടോബര്‍ പതിനാലിന് അഹമ്മദാബാദിലാണ്. 2016ലാണ് പാകിസ്ഥാന്‍ ടീം അവസാനമായി ഇന്ത്യയില്‍ കളിച്ചത്.
ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീം: ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, അബ്ദുല്ല ഷഫീഖ്, മുഹമ്മദ് റിസ്വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, സല്‍മാന്‍ അലി അഗ, മുഹമ്മദ് നവാസ്, ഉസാമ മിര്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, മുഹമ്മദ് വസീം.