ജയവും തോല്‍വിയും മത്സരത്തിന്റെ ഭാഗമെന്ന് പറയുമ്പോഴും തിരിച്ചടിയുടെ ഉത്തരവാദിത്തം പൂര്‍ണമായും ടീം മാനേജ്‌മെന്റിന് മുകളില്‍ ചാരുകയാണ് പിസിബി.

ഇസ്ലാമാബാദ്: പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ ഭാവി തുലാസിലെന്ന് വ്യക്തമാക്കി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. അടുത്ത നാല് കളിയിലെ പ്രകടനം നോക്കി നായകന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് വാര്‍ത്താക്കുറിപ്പ്. ഇന്ത്യയോടും അഫ്ഗാനിസ്ഥാനോടും തോറ്റ് പ്രതിസന്ധിയിലായ പാകിസ്ഥാന്‍ ടീമിനും നായകന്‍ ബാബര്‍ അസമിനുമെതിരെവിമര്‍ശനം ശക്തമായതോടെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പിറക്കിയത്.

ജയവും തോല്‍വിയും മത്സരത്തിന്റെ ഭാഗമെന്ന് പറയുമ്പോഴും തിരിച്ചടിയുടെ ഉത്തരവാദിത്തം പൂര്‍ണമായും ടീം മാനേജ്‌മെന്റിന് മുകളില്‍ ചാരുകയാണ് പിസിബി. ലോകകപ്പ് ടീം തെരഞ്ഞെടുപ്പില്‍ നായകന്‍ ബാബര്‍ അസമിനും മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ഹഖിനും പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിരുന്നു. പാകിസ്ഥന്‍ ക്രിക്കറ്റിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഭാവിതീരുമാനം എടുക്കുമെന്നും പിസിബി വ്യക്തമാക്കി. അടുത്ത 4 മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ ടീമിന് പിന്തുണ നല്‍കണമെന്നും പിസിബി ആവശ്യപ്പെടുന്നുണ്ട്.

ഇതിനിടെ അടുത്ത മത്സരങ്ങളിലും പാകിസ്ഥാന്‍ തോല്‍ക്കണമെന്ന കമ്രാന്‍ അക്മലിന്റെ പരാമര്‍ശം വിവാദത്തിലായി. പാക് ക്രിക്കറ്റിന്റെ നല്ല ഭാവിക്ക് വേണ്ടി അടുത്ത നാല് മത്സരങ്ങളിലും തോല്‍ക്കാന്‍ ടീം തയ്യാറാകണമെന്ന വിവാദ പരാമര്‍ശമാണ് മുന്‍ പാക് ഓപ്പണര്‍ കമ്രാന്‍ അക്മല്‍ നടത്തിയത്. ഇനി ജയിച്ചാല്‍ അവര്‍ വീണ്ടും പഴയ തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുമെന്നും കമ്രാന്‍ വ്യക്തമാക്കി. എന്നാല്‍ പാക് ടീം തോല്‍ക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ തോല്‍ക്കുന്നതിനുവേണ്ടിയല്ല, അവരുടെ ഇഗോ കുറക്കാനാണ് താന്‍ ഇതു പറയുന്നതെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു. 

അക്മലിന്റെ പരാമര്‍ശത്തെ പിന്തുണച്ചും എതിര്‍ത്തും സാമൂഹികമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. തുടര്‍ തോല്‍വികളെത്തുടര്‍ന്ന് പാകിസ്ഥാന്‍ ടീമിനെതിരെ മുന്‍ താരങ്ങളെല്ലാം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. മുന്‍ താരങ്ങളില്‍ പലരും ബാബര്‍ അസമിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കണമെന്നും പകരം മുഹമ്മദ് റിസ്വാനെയെ ഷഹീന്‍ ഷാ അഫ്രീദിയെയോ ക്യാപ്റ്റനാക്കണമെന്നും പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യ രക്ഷപ്പെട്ടു! 24 വര്‍ഷങ്ങള്‍ക്ക് ശേഷം ആ നാണക്കേടിന്റെ റെക്കോര്‍ഡ് ഇനി ഇംഗ്ലണ്ടിന്റെ തലയില്‍