ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി റാവല്‍പിണ്ടി, ലാഹോര്‍, കറാച്ചി എന്നീ മൂന്ന് പ്രധാന സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി ഏകദേശം 58 മില്യൺ ഡോളറാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെലവഴിച്ചത്.

കറാച്ചി: മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ഐസിസി ടൂര്‍ണമെന്‍റിന് ആതിഥേയരായിട്ടും പാക് ക്രിക്കറ്റ് ബോര്‍ഡിന് നേരിട്ടത് കോടികളുടെ നഷ്ടം. ചാമ്പ്യൻസ് ട്രോഫിയില്‍ നാട്ടില്‍ ന്യൂസിലന്‍ഡിനെതിരായ ഒരേയൊരു മത്സരം മാത്രമാണ് പാകിസ്ഥാന് കളിക്കാനായത്. ഇന്ത്യക്കെതിരായ മത്സരം നിഷ്പക്ഷ വേദിയായ ദുബായില്‍ കളിച്ചപ്പോള്‍ ബംഗ്ലാദേശിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ ടൂര്‍ണമെന്‍റിനായി കോടികള്‍ ചെലഴിച്ച പാക് ക്രിക്കറ്റ് ബോര്‍ഡ് നേരിട്ടത് 869 കോടി രൂപയുടെ നഷ്ടമാണെന്നാണ് റിപ്പോര്‍ട്ട്.

ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി റാവല്‍പിണ്ടി, ലാഹോര്‍, കറാച്ചി എന്നീ മൂന്ന് പ്രധാന സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി ഏകദേശം 58 മില്യൺ ഡോളറാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെലവഴിച്ചത്. പ്രതീക്ഷിച്ചതിനെക്കാള്‍ 50 ശതമാനം അധികതുക ചെലവഴിച്ചാണ് സ്റ്റേഡിയങ്ങളുടെ നവീകരണം പൂര്‍ത്തിയാക്കിയത്. ഇതിന് പുറമെ ടൂര്‍ണമെന്‍റിന്‍റെ മുന്നൊരുക്കങ്ങള്‍ക്കായി 40 മില്യണ്‍ ഡോളര്‍ കൂടി ചെലവഴിച്ചു. എന്നാല്‍ ആതിഥേയത്വം വഹിച്ചതിനുള്ള ഹോസ്റ്റിംഗ് ഫീസ് ആയി ആറ് മില്യൺ ഡോളര്‍ മാത്രമാണ് പാക് ബോര്‍ഡിന് ലഭിച്ചത്. ഇതിന് പുറമെ സ്പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ് വില്‍പനയില്‍ നിന്ന് നാമമാത്ര തുക മാത്രമാണ് പാക് ബോര്‍ഡിന് ലഭിച്ചതെന്നും ടെലഗ്രാഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

നൂറാം ടെസ്റ്റ് കളിച്ച് വിരമിക്കാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷെ..., വെളിപ്പെടുത്തി അശ്വിന്‍

ചാമ്പ്യൻസ് ട്രോഫി നടത്തിപ്പില്‍ കനത്ത നഷ്ടം സംഭവിച്ചത് ബോര്‍ഡിന്‍റെ ഭാവി പദ്ധതികളെയും കളിക്കാരുടെ പ്രതിഫലം അടക്കമുള്ള കാര്യങ്ങളെയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്‍റെ ഭാഗമായി കളിക്കാരുടെ മാച്ച് ഫീസ് 40000 പാകിസ്ഥാനി രൂപയില്‍ നിന്ന് 10000 രൂപയായി പാക് ക്രിക്കറ്റ് ബോര്‍ഡ് വെട്ടിക്കുറച്ചുവെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമില്ലാതെയാണ് പാക് ബോര്‍ഡ് കളിക്കാരുടെ മാച്ച് ഫീസ് വെട്ടിക്കുറച്ചത്. അതുപോലെ കളിക്കാര്‍ക്ക് ഫൈവ് സ്റ്റാര്‍ താമസ സൗകര്യങ്ങള്‍ നല്‍കിയിരുന്നത് ഇക്കോണമി ഹോട്ടലിലെ താമസമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിയില്‍ ഒരു മത്സരം പോലും ജയിക്കാടെ പാകിസ്ഥാന്‍ പുറത്തായിരുന്നു. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായില്‍ നടത്തിയതും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് കനത്ത തിരിച്ചടിയായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക