നൂറാം ടെസ്റ്റിന് എത്താന്‍ കഴിയാതിരുന്ന ധോണി തനിക്ക് മറ്റൊരു സര്‍പ്രൈസ് സമ്മാനമായിരുന്നു കാത്തുവെച്ചതെന്നും അശ്വിന്‍.

ചെന്നൈ: നൂറാം ടെസ്റ്റ് മത്സരത്തോടെ വിരമിക്കാൻ ആലോചിച്ചിരുന്നതായി ഇന്ത്യൻ മുന്‍ താരം ആർ.അശ്വിൻ. ചെന്നൈ സൂപ്പർ കിംഗ്സ് സംഘടിപ്പിച്ച പുസ്തകപ്രകാശന ചടങ്ങിലായിരുന്നു അശ്വിന്‍റെ വെളിപ്പെടുത്തൽ. ധോണിയും സിഎസ്കെ പരിശീലകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇംഗ്ലണ്ടിനെതിരെ ധരംശാലയിലാണ് അശ്വിന്‍ നൂറാം ടെസ്റ്റ് കളിച്ചത്.

തന്‍റെ നൂറാം ടെസ്റ്റിന് ധോണിയെ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന് എത്താനായില്ലെന്നും അശ്വിന്‍ പറഞ്ഞു. അശ്വിന്‍റെ നൂറാം ടെസ്റ്റിന് ബിസിസിഐ ആദരമൊരുക്കിയിരുന്നു. അശ്വിന്‍ പ്രത്യേക മൊമെന്‍റോ നല്‍കിയാണ് ബിസിസിഐ ആദരിച്ചത്. നൂറാം ടെസ്റ്റിന് മുമ്പ് ധോണിയുടെ കൈയില്‍ നിന്ന് മൊമെന്‍റോ ഏറ്റുവാങ്ങണമെന്നായിരുന്നു ആഗ്രഹമെന്ന് അശ്വിന്‍ പറഞ്ഞു. അതിനായി ഞാന്‍ ധോണിയെ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് മറ്റ് ചില കാരണങ്ങളാൽ എത്താന്‍ കഴിഞ്ഞില്ല.

'എജ്ജാതി തൂക്കിയടി, ചെക്കൻ ശരിക്കും തീയാണ്'; രാജസ്ഥാന്‍ ക്യാംപില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി 13കാരന്‍ വൈഭവ്

എന്നാല്‍ നൂറാം ടെസ്റ്റിന് എത്താന്‍ കഴിയാതിരുന്ന ധോണി തനിക്ക് മറ്റൊരു സര്‍പ്രൈസ് സമ്മാനമായിരുന്നു കാത്തുവെച്ചതെന്നും അശ്വിന്‍ പറഞ്ഞു. ഐപിഎല്‍ ലേലത്തില്‍ എന്നെ തിരികെ ചെന്നൈയിലെത്തിച്ചത് ധോണിയാണ്. അതുകൊണ്ട് നന്ദി, എം എസ് എന്നെ തുടങ്ങിയടത്തു തന്നെ തിരികെ എത്തിച്ചതിന്. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തിരിച്ചെത്തിയതില്‍ അതിയായ സന്തോഷം-അശ്വിന്‍ പറഞ്ഞു.

തമിഴ്നാട് അഡ്വക്കേറ്റ ജനറലും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ മുൻ ഭാരവാഹിയുമായ പി.എസ്.രാമൻ എഴുതിയ ലിയോ ദ് അണ്‍ടോൾഡ് സ്റ്റോറി ഓഫ് ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്ന പുസ്തകത്തിന്‍റെ പ്രകാശനചടങ്ങ് സിഎസ്കെ കുടുംബത്തിന്‍റെ ഒത്തുചേരലുമായി. അശ്വിനും കെ.ശ്രീകാന്തും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും തുടങ്ങിയ വിശിഷ്ടാതിഥികൾ ചടങ്ങില്‍ പങ്കെടുത്തു. എം.എസ്.ധോണി പരിശീലകർക്കൊപ്പം സദസ്സിലിരുന്നതും കൗതുകമായി. എഴുത്തുകാരനിൽ നിന്ന് ഉപഹാരം സ്വീകരിച്ച ധോണി, ആരാധകർക്കൊപ്പം ചിത്രമെടുത്ത ശേഷമാണ് മടങ്ങിയത്. മുൻ ക്രിക്കറ്റ് താരങ്ങളും സിനിമാ രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ക്ഷണിക്കപ്പെട്ട മാധ്യമപ്രവത്തർകരും ചടങ്ങിന്‍റെ ഭാഗമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക