Asianet News MalayalamAsianet News Malayalam

പാക് ക്രിക്കറ്റില്‍ പൊട്ടിത്തെറി തുടരുന്നു, ഇന്‍സമാം ഉള്‍ ഹഖ് ചീഫ് സെലക്ടര്‍ സ്ഥാനം രാജിവെച്ചു

തന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിക്ക് ഭിന്നതാല്‍പര്യമുണ്ടെന്ന് മാധ്യമങ്ങള്‍ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് രാജിയെന്നും ആരോപണങ്ങളിലെ സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും ഇന്‍സമാം പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സാക്ക അഷ്റഫിന് അയച്ച രാജിക്കത്തില്‍ വ്യക്തമാക്കി.

Pakistan Cricket Team chief selector Inzamam-ul-Haq resigns after team's poor run in Cricket World Cup 2023 gkc
Author
First Published Oct 30, 2023, 8:24 PM IST

കറാച്ചി: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ടീമിന്‍റെ മോശം പ്രകടനത്തിനും പരസ്യ വിഴുപ്പലക്കലുകള്‍ക്കും പിന്നാലെ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ലോകകപ്പില്‍ തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ തോറ്റ പാകിസ്ഥാന്‍റെ സെമി സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെയാണ് ഇന്‍സമാമിന്‍റെ രാജി.

തന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിക്ക് ഭിന്നതാല്‍പര്യമുണ്ടെന്ന് മാധ്യമങ്ങള്‍ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് രാജിയെന്നും ആരോപണങ്ങളിലെ സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും ഇന്‍സമാം പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സാക്ക അഷ്റഫിന് അയച്ച രാജിക്കത്തില്‍ വ്യക്തമാക്കി. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു തിരിച്ചെത്തുമെന്നും ഇന്‍സമാം വ്യക്തമാക്കിയിട്ടുണ്ട്.

തോറ്റുതുന്നംപാടിയിട്ടും പാക് ക്രിക്കറ്റിൽ പരസ്യ വിഴുപ്പലക്കൽ; ബാബറിന്‍റെ വാട്സ് ആപ്പ് ചാറ്റും പുറത്ത്

പാക് കളിക്കാരുടെ പരസ്യകരാറുകള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍റ് തല റഹ്മാനിയുടെ യാസോ ഇന്‍റര്‍നാഷണല്‍ ലിമിറ്റഡില്‍ ഇന്‍സമാമിനും ഓഹരി പങ്കാളിത്തമുണ്ടെന്നായിരുന്നു മാധ്യമങ്ങള്‍ ഉന്നയിച്ച ആരോപണം. യാസോ ഇന്‍റര്‍നാഷണല്‍ ലിമിറ്റഡാണ് പാക് ടീമിലെ മുന്‍നിര താരങ്ങളായ ക്യാപ്റ്റന്‍ ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് റിസ്‌വാന്‍ എന്നിവരുടെ പരസ്യകരാറുകള്‍ കൈകാര്യം ചെയ്യുന്നത്. പാക് താരം മുഹമ്മഹ് റിസ്‌വാനും ഈ സ്ഥാപനത്തില്‍ ഓഹരിപങ്കാളിത്തമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോകകപ്പിന് മുമ്പ് കളിക്കാരുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപിക്കണമെന്നും ഐസിസിയില്‍ നിന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിന് ലഭിക്കുന്ന വിഹിതത്തില്‍ നിന്ന് ഒരു ഭാഗം കളിക്കാര്‍ക്കും നല്‍കണമെന്നും പാക് താരങ്ങള്‍ ആവശ്യമുയര്‍ത്തിയിരുന്നു. ഇല്ലെങ്കില്‍ ലോകകപ്പിന് മുന്നോടിയായുള്ള പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും കളിക്കാര്‍ പിസിബിയെ അറിയിച്ചിരുന്നു. പിന്നീട് ഇന്‍സമാം ഇടപെട്ടാണ് ഈ പ്രശ്നം പരിഹരിച്ചത്. കളിക്കാര്‍ ആവശ്യം അംഗീകരിക്കാന്‍ പിസിബി നിര്‍ബന്ധിതരാവുകയും ചെയ്തിരുന്നു.

പാകിസ്ഥാനെ തകര്‍ത്ത അഫ്ഗാനിസ്ഥാന്‍ താരത്തിന് 10 കോടി പാരിതോഷികം വാഗ്ദാനം ചെയ്തോ, പ്രതികരിച്ച് രത്തന്‍ ടാറ്റ

ലോകകപ്പില്‍ ആദ്യ രണ്ട് കളികളും ജയിച്ചു തുടങ്ങിയ പാകിസ്ഥാന്‍ മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ ഓസ്ട്രേലിയയോടും അഫ്ഗാനിസ്ഥാനോടും ദക്ഷിണാഫ്രിക്കയോടും തോറ്റിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios