Asianet News MalayalamAsianet News Malayalam

ഈ ചിത്രത്തിന് പിന്നിലൊരു കഥയുണ്ട്! ദ്രാവിഡിന് പിറന്നാള്‍ ആശംസ അറിയിച്ച് പാകിസ്ഥാന്‍ താരം

പാകിസ്ഥാന്‍ താരം ഷാനവാസ് ദഹാനിയാണ് ദ്രാവിഡിന് ആശംസ അറിയിച്ചിരിക്കുന്നത്. അതും ദ്രാവിഡിനൊപ്പം നില്‍ക്കുന്ന ചിത്രവും ദഹാനി പങ്കുവച്ചിട്ടുണ്ട്.

Pakistan cricketer send birthday wishes to Indian coach Rahul Dravid
Author
First Published Jan 12, 2023, 7:37 PM IST

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് 50-ാം പിറന്നാള്‍ ആഘോഷിച്ചത്. ഇന്ത്യന്‍ താരങ്ങളായ വിരാട് കോലി, കെ എല്‍ രാഹുല്‍, ഉമേഷ് യാദവ്, സ്മൃതി മന്ഥാന തുടങ്ങിയവരെല്ലാം ദ്രാവിഡിന് ആശംസ അറിയിച്ചിരുന്നു. ഐസിസി, ബിസിസിഐ എന്നിവരൊന്നും ദ്രാവിഡിനെ മറന്നില്ല. ഇപ്പോള്‍ പാകിസ്ഥാനില്‍ നിന്നുള്ള ഒരു പിറന്നാള്‍ ആശംസയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പാകിസ്ഥാന്‍ താരം ഷാനവാസ് ദഹാനിയാണ് ദ്രാവിഡിന് ആശംസ അറിയിച്ചിരിക്കുന്നത്. അതും ദ്രാവിഡിനൊപ്പം നില്‍ക്കുന്ന ചിത്രവും ദഹാനി പങ്കുവച്ചിട്ടുണ്ട്.

ചിത്രത്തിന് പിന്നിലെ കഥയും ദഹാനി ട്വീറ്റില്‍ പറയുന്നു. പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടാണ് ദഹാനി കുറിപ്പിട്ടത്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ... ''ഈ ചിത്രത്തിന് പിന്നില്‍ ഒരു കഥയുണ്ട്. ടി20 ലോകകപ്പിനിടെ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലെ ഹോട്ടലിലെ ഞാനും സുഹൃത്തുക്കളും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു. ദ്രാവിഡ് അതേ ഹോട്ടലിലേക്ക് വന്നു. അദ്ദേഹം ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നതിന് മുമ്പ് എന്നെ കണ്ടിരുന്നു. എന്നാല്‍ അതിന് മുമ്പ് അദ്ദേഹം ഞങ്ങള്‍ക്ക് അടുത്തേക്ക് വന്നു. ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തോടൊപ്പം ഫോട്ടോയെടുത്തു. ഒന്നു ചിന്തിച്ചുനോക്കിക്കേ, പ്രധാന എതിരാളികളുടെ കോച്ച് അടുത്തേക്ക് വരുന്നതും ഞങ്ങള്‍ക്കൊപ്പം സമയം ചെലവിടുന്നതും. വിനയമാണ് വിജയത്തിന്റെ താക്കോലെന്ന് ആ ദിവസം ഞാന്‍ മനസിലാക്കി.'' ദഹാനി ട്വിറ്ററില്‍ കുറിച്ചിട്ടു.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറിയായിട്ടാണ് കോലി ആശംസ അറിയിച്ചിരുന്നത്. 2021 നവംബര്‍ മൂന്നിനാണ് ദ്രാവിഡ് ഇന്ത്യയുടെ കോച്ചായി ചുമതലയേല്‍ക്കുന്നത്. പിന്നീട് തന്റെ സെഞ്ചുറി വരള്‍ച്ചയ്ക്ക് വിരാമമിട്ടതും ദ്രാവിഡിന് കീഴില്‍ തന്നെയായിരുന്നു. ബിസിസിഐയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ''509 ഇന്റര്‍നാഷണല്‍ മത്സങ്ങള്‍, 24208 റണ്‍സ്, 48 സെഞ്ചുറികള്‍... മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നിലവില്‍ പരിശീലകനുമായി രാഹുല്‍ ദ്രാവിഡിന് പിറന്നാള്‍ ആശംസകള്‍.'' ബിസിസിഐ ട്വീറ്റ് ചെയ്തു.

അവന്‍ പുറത്താവാന്‍ പുതിയ വഴികള്‍ തേടുന്നു; രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി അസ്ഹറുദ്ദീന്‍

Follow Us:
Download App:
  • android
  • ios