കിവീസ് (New Zealand0 സ്പിന്നര്‍ അജാസ് പട്ടേലിന്റെ (Ajaz Patel) പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്ന കോലി. എന്നാല്‍ കോലിയുടേത് ഔട്ടല്ലെന്നും ഔട്ടാണെന്നുമുള്ള വാദമുണ്ട്. കോലിയും കോച്ച് രാഹുല്‍ ദ്രാവിഡും അംപയര്‍ ഔട്ട് വിധിച്ചതില്‍ ആശ്ചര്യം പ്രകടിപ്പിച്ചു.

മുംബൈ: ന്യസിലന്‍ഡിനെതിരെ (INDvNZ) രണ്ടാം ടെസ്റ്റിന്റെ ആദ്യദിവസം വിരാട് കോലിയുടെ (Virat Kohli) പുറത്താകല്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കിവീസ് (New Zealand0 സ്പിന്നര്‍ അജാസ് പട്ടേലിന്റെ (Ajaz Patel) പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്ന കോലി. എന്നാല്‍ കോലിയുടേത് ഔട്ടല്ലെന്നും ഔട്ടാണെന്നുമുള്ള വാദമുണ്ട്. കോലിയും കോച്ച് രാഹുല്‍ ദ്രാവിഡും അംപയര്‍ ഔട്ട് വിധിച്ചതില്‍ ആശ്ചര്യം പ്രകടിപ്പിച്ചു. 

അജാസിന്റേയും മറ്റു കിവീസ് താരങ്ങളുടെയും അപ്പീലിന് അംപയര്‍ അനില്‍ ചൗധരി ഡയറക്റ്റ് ഔട്ട് വിളിച്ചു. എന്നാല്‍ ബാറ്റില്‍ ടച്ചുണ്ടെന്ന് ഉറച്ചുവിശ്വസിച്ച കോലി റിവ്യൂ ചെയ്തു. പിന്നീട് ടിവി അംപയര്‍ വിരേന്ദര്‍ ശര്‍മയുടെ ഊഴമായിരുന്നു. നിരവധി വീഡിയോ കണ്ട അദ്ദേഹം ഫീല്‍ഡ് അംപയറോട് യഥാര്‍ത്ഥത്ഥ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ പറഞ്ഞു. അതോടെ കോലിക്ക് മടങ്ങേണ്ടിവന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗും മുന്‍ പാക് ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖും.

ഹോഗ് പറയുന്നതിങ്ങനെ... ''ഫീല്‍ഡ് അംപയറുടെ കണ്ണിലൂടെ നോക്കുമ്പോള്‍ അത് ഔട്ടാണെന്നുള്ളതില്‍ യാതൊരുവിധ സംശയവുമില്ല. ഔട്ട് വിളിക്കാനുള്ള അവകാശം അപയര്‍ക്കുണ്ട്. എന്നാല്‍ തീരുമാനം ടിവി അംപയര്‍ക്ക് വിട്ടപ്പോള്‍ അവിടെ കുറച്ച് ആശയക്കുഴപ്പമുണ്ടായി. എന്നാല്‍ ഔട്ടാണെന്ന് പറയാനോ അല്ലെന്ന് പറയാനോ ഒരു തെളിവുമില്ലെന്ന് ടിവി അംപയര്‍ വിരേന്ദര്‍ ശര്‍മയും വ്യക്തമാക്കി. അതിനര്‍ത്ഥം ഫീല്‍ഡ് അംപയര്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കണമെന്നാണ്.'' ഹോഗ് തന്റെ യുട്യുബ് ചാനലില്‍ വ്യക്തമാക്കി.

എന്നാല്‍ ഇന്‍സമാമിന്റേത് മറ്റൊരു അഭിപ്രായമായിരുന്നു. അദ്ദേഹത്തിന്റെ വീക്ഷണമിങ്ങനെ... ''കോലിയുടെ പുറത്താകല്‍ സംശയാസ്പദമാണ്. അംപയര്‍ക്ക് വേണമെങ്കില്‍ ഔട്ട് വിളിക്കാം, അല്ലെങ്കില്‍ വിളിക്കാതിരിക്കാം. അത്തരമൊരു സാഹചര്യത്തിലായിരുന്നു അംപയര്‍. എന്നാല്‍ ഔട്ട് വിളിച്ചത് ദൗര്‍ഭാഗ്യകരമാണ്. സംശയത്തിന്റെ ആനുകൂല്യം ബാറ്റര്‍ക്ക് നല്‍കണമായിരുന്നു.'' ഇന്‍സി വ്യക്തമാക്കി. 

പന്ത് ആദ്യം ബാറ്റില്‍ തട്ടിയ ശേഷമാണ് പാഡില്‍ കൊണ്ടതെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെയല്ല, ബാറ്റ് പാഡിന് പിറകില്‍ ആയിരുന്നുവെന്നും ആദ്യം പാഡിലാണ് പന്ത് തട്ടിയതെന്നും ഒരു വിഭാഗം വാദിക്കുന്നു.