Asianet News MalayalamAsianet News Malayalam

തുടര്‍ച്ചയായ നാലാം തോല്‍വി! കിവീസിനെതിരെ നാണംകെട്ട് പാകിസ്ഥാന്‍; ഇത്തവണ അടിച്ചിട്ടത് മിച്ചല്‍-ഫിലിപ്‌സ് സഖ്യം

താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. 2.4 ഓവറില്‍ മൂന്നിന് 20 എന്ന നിലയിലായിരുന്നു ന്യൂസിലന്‍ഡ്.

pakistan lost new zealand by seven wicket in fourth t20
Author
First Published Jan 19, 2024, 3:25 PM IST

ക്രൈസ്റ്റ്ചര്‍ച്ച്: പാകിസ്ഥാനെതിരെ നാലാം ടി20യിലും ന്യൂസിലന്‍ഡിന് ജയം. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ മുഹമ്മദ് റിസ്വാന്റെ (63 പന്തില്‍ പുറത്താവാതെ 90) ഇന്നിംഗ്‌സിന്റെ പിന്‍ബലത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. മറുപടി ന്യൂസിലന്‍ഡ് 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഡാരില്‍ മിച്ചല്‍ (72), ഗ്ലെന്‍ ഫിലിപ്‌സ് (70) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ന്യൂസിലന്‍ഡ് പരമ്പര നേരത്തെ സ്വന്തമാക്കിയുരുന്നു. ഒരു ടി20 കൂടിയാണ് ഇനി പരമ്പരയില്‍ അവശേഷിക്കുന്നത്.

താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. 2.4 ഓവറില്‍ മൂന്നിന് 20 എന്ന നിലയിലായിരുന്നു ന്യൂസിലന്‍ഡ്. ഫിന്‍ അലന്‍ (8), ടീം സീഫെര്‍ട്ട് (0), വില്‍ യംഗ് (4) എന്നിവര്‍ പാക് ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രീദിയുടെ പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. കൂട്ടത്തകര്‍ച്ച നേരിട്ടെങ്കിലും മിച്ചല്‍ - ഫിലിപ്‌സ് സഖ്യം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും 139 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 44 പന്തുകള്‍ നേരിട്ട മിച്ചല്‍ രണ്ട് സിക്‌സിന്റേയും ഏഴ് ഫോറിന്റേയും സഹായത്തോടെയാണ് 72 റണ്‍സെടുത്തുത്. ഫിലിപ്‌സിന്റെ അക്കൗണ്ടില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറുമുണ്ടായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് രണ്ടാം ഓവറില്‍ തന്നെ സയിം അയൂബിന്റെ (1) വിക്കറ്റ് നഷ്ടമായി. ബാബര്‍ അസം (19), ഫഖര്‍ സമാന്‍ (9), സാഹിബ്‌സദ ഫര്‍ഹാന്‍ (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ പാകിസ്ഥാന്‍ നാലിന് 86 എന്ന നിലയിലായി. പിന്നാലെ അമിത പ്രതിരോധത്തിലായ റിസ്വാന് വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനിടെ ഇഫ്തിഖര്‍ അഹമ്മദും (10) മടങ്ങി. അവസാന ഓവറുകളില്‍ മുഹമ്മദ് നവാസിന്റെ (9 പന്തില്‍ 21) കൂറ്റനടികളാണ് പാകിസ്ഥാന്റെ സ്‌കോര്‍ 150 കടത്തിയത്. റിസ്വാന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും ആറ് ഫോറുമുണ്ടായിരുന്നു.

രണ്ട് വിക്കറ്റ് വീതം നേടിയ മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരാണ് പാകിസ്ഥാനെ താരതമ്യേ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ആഡം മില്‍നെയ്ക്ക് ഒരു വിക്കറ്റുണ്ട്.

ഇതിനേക്കാള്‍ വേഗം ഒച്ചിന് കാണും! കിവീസിനെതിരെ ടി20ല്‍ 90 റണ്‍സ് നേടിയിട്ടും പാക് താരം റിസ്വാന് പരിഹാസം
 

Latest Videos
Follow Us:
Download App:
  • android
  • ios