ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ വന്‍ അഴിച്ചുപണി നടത്തിയിരുന്നു. ടീമിന്റെ പരിശീലകനായി മിസ്ബ ഉള്‍ ഹഖിനെ നിയമിച്ചതായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒന്ന്. ടീമിന്റെ മുഖ്യ സെലക്റ്ററും അദ്ദേഹം മിസ്ബ തന്നെയാണ്.

ലാഹോര്‍: ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ വന്‍ അഴിച്ചുപണി നടത്തിയിരുന്നു. ടീമിന്റെ പരിശീലകനായി മിസ്ബ ഉള്‍ ഹഖിനെ നിയമിച്ചതായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒന്ന്. ടീമിന്റെ മുഖ്യ സെലക്റ്ററും അദ്ദേഹം മിസ്ബ തന്നെയാണ്. പിന്നാലെ ലോകകപ്പില്‍ ടീമിനെ നയിച്ച സര്‍ഫറാസ് അഹമ്മദിനെ ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതെല്ലാം പാകിസ്ഥാനെ പ്രതാപ കാലത്തേക്ക് തിരിച്ചുകൊണ്ടുപോവുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ കാര്യങ്ങളൊന്നും കരുതിയ പോലെ നടന്നില്ല. 

ഇതോടെ മുന്‍ ക്യാപ്റ്റനെ ടീമിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമം നടത്തുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. സര്‍ഫറാസിനെ ടീമിലേക്ക് തിരികെ വിളിക്കാനാണ് പാക് ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്. അടുത്ത വര്‍ഷമാദ്യം ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ കളിച്ച് താരം ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് നിലവില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. മുന്‍ ക്യാപ്റ്റന് പകരം ടീമിലെത്തിയ മുഹമ്മദ് റിസ്‌വാന്റെ മോശം ഫോമും തിരിച്ചുവരവിന് കാരണമായേക്കും. 

ഈമാസം 6, 7 തിയ്യതികളില്‍ നടക്കുന്ന ഫിറ്റ്‌നെസ് ടെസ്റ്റില്‍ ഹാജരാവാന്‍ താരത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ശ്രീലങ്കയ്‌ക്കെതിരെ നാട്ടില്‍ നടന്ന ടി20 പരമ്പര തോറ്റതോടെയാണ് സര്‍ഫറാസിനെ ടീമില്‍ നിന്ന് പുറത്താക്കിയത്.