ചിന്നസ്വാമിയില്‍ ഓസീസിന് പെരിയ സ്‌കോര്‍! വാര്‍ണര്‍ക്കും മാര്‍ഷിനും സെഞ്ചുറി, പാകിസ്ഥാന്‍ കുറച്ച് വിയര്‍ക്കും
ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഡേവിഡ് വാര്‍ണര്‍ (124 ന്തില്‍ 163), മിച്ചല്‍ മാര്‍ഷ് (108 പന്തില്‍ 121) എന്നിവരുടെ സെഞ്ചുറിയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

ബംഗളൂരു: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാന് 368 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഡേവിഡ് വാര്‍ണര്‍ (124 ന്തില്‍ 163), മിച്ചല്‍ മാര്‍ഷ് (108 പന്തില്‍ 121) എന്നിവരുടെ സെഞ്ചുറിയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. പാകിസ്ഥാന്‍ നിരയില്‍ ഷഹീന്‍ അഫ്രീദി അഞ്ച് വിക്കറ്റെടുത്തു. ഒരു മാറ്റവുമായിട്ടാണ് പാകിസ്ഥാന്‍ മത്സരത്തിനിറങ്ങിയത്. ഷദാബ് ഖാന് പകരം ഉസാമ നിര്‍ ടീമിലെത്തി. ഓസീസ് ശ്രീലങ്കയ്‌ക്കെതിരെ കളിച്ച അതേ ടീമിനെ നിലനിര്‍ത്തുകയായിരുന്നു.
സ്‌കോര്‍ സൂചിപ്പിക്കും പോലെ ഗംഭീര തുടക്കമായിരുന്നു ഓസീസിന്. ഒന്നാം വിക്കറ്റില്‍ വാര്‍ണര്‍ - മാര്‍ഷ് സഖ്യം 259 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 34-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുുന്നത്. ഷഹീന്റെ പന്തില്‍ മാര്‍ഷ് ഉസാമ മിറിന് ക്യാച്ച് നല്‍കി. ഒമ്പത് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്‌സ്. തൊട്ടടുത്ത പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും (0) മടങ്ങിയത് ഓസീസിന് തിരിച്ചടിയായി. സ്റ്റീവ് സ്മിത്ത് (7) ഒരിക്കല്‍കൂടി നിരാശയായി.
മിറിനായിരുന്നു വിക്കറ്റ്. ഇതിനിടെ വാര്‍ണറും മടങ്ങിയതോടെ 400നപ്പുറം കടക്കുമായിരുന്ന സ്‌കോര്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ പാകിസ്ഥാനായി. 14 ഫോറും ഒമ്പത് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു വാര്‍ണറുടെ ഇന്നിംഗ്‌സ്. മാര്‍കസ് സ്റ്റോയിനിസ് (21), ജോഷ് ഇന്‍ഗ്ലിസ് (13), മര്‍നസ് ലബുഷെയ്ന്‍ (8), മിച്ചല്‍ മാര്‍ഷ് (2) എന്നിവര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. പാറ്റ് കമ്മിന്‍സ് (6), ആഡം സാംപ (1) പുറത്താവാതെ നിന്നു. അഫ്രീദി 10 ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.
പാകിസ്ഥാന്‍: അബ്ദുള്ള ഷെഫീഖ്, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, മുഹമ്മദ് നവാസ്, ഉസാമ മിര്‍, ഹാസന്‍ അലി, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്.
ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്സ്വെല്‍, മാര്‍കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.