Asianet News MalayalamAsianet News Malayalam

സിംബാബ്‌വെയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടം; പാകിസ്ഥാന്‍ പരമ്പര നേട്ടത്തിനരികെ

പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 510നെതിരെ ഫോളോഓണ്‍ ചെയ്യേണ്ടി വന്ന സിംബാബ്‌വെ രണ്ടാം ഇന്നിങ്‌സില്‍ ഒമ്പതിന് 220  എന്ന നിലയിലാണ്. പാകിസ്ഥാനെ വീണ്ടും ബാറ്റിങ്ങിന് അയക്കാന്‍ ആതിഥേയര്‍ക്ക് ഇനിയും 158 റണ്‍സ് കൂടി വേണം.

Pakistan one wicket behind second test win against Zimbabwe
Author
Harare, First Published May 9, 2021, 9:47 PM IST

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്റെ ഇന്നിങ്‌സ് ജയം ഒരു വിക്കറ്റ് അകലെ. പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 510നെതിരെ ഫോളോഓണ്‍ ചെയ്യേണ്ടി വന്ന സിംബാബ്‌വെ രണ്ടാം ഇന്നിങ്‌സില്‍ ഒമ്പതിന് 220  എന്ന നിലയിലാണ്. പാകിസ്ഥാനെ വീണ്ടും ബാറ്റിങ്ങിന് അയക്കാന്‍ ആതിഥേയര്‍ക്ക് ഇനിയും 158 റണ്‍സ് കൂടി വേണം. ആദ്യ ഇന്നിങ്‌സില്‍ സിംബാബ്‌വെ 132 റണ്‍സിന് പുറത്തായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ നൂമാന്‍ അലിയാണ് സിംബാബ്‌വെയെ തകര്‍ത്തത്. ഷഹീന്‍ അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തി. 80 റണ്‍സെടുത്ത റെഗിസ് ചകബ്വ മാത്രമാണ് പിടിച്ചുനിന്നത്. ബ്രണ്ടന്‍ ടെയ്‌ലര്‍ (49) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോല്‍ ലൂക് ജോംഗ്‌വെ (31), ബ്ലസിംഗ് മുസറബാനി (0) എന്നിവരാണ് ക്രീസില്‍. ഒരു ഘട്ടടത്തില്‍ മൂന്നിന് 170 എന്ന നിലയിലായിരുന്നു സിംബാബ്‌വെ. എന്നാല്‍ ഷഹീന്‍- നൂമാന്‍ സഖ്യത്തിന്റെ ബൗളിങ്ങിന് മുന്നില്‍ സിംബാബ്‌വെ തകരുകയായിരുന്നു. 

ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ ഹാസന്‍ അലിയാണ് സിംബാബ്‌വെയെ തകര്‍ത്തത്. ചകബ്വ (33) തന്നെയാണ് ഒന്നാം ഇന്നിങ്‌സിലേയും ടോപ് സ്‌കോറര്‍. നേരത്തെ പാകിസ്ഥാന്‍ എട്ടിന് 510 എന്ന നിലയില്‍ ആദ്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ ആബിദ് അലി (പുറത്താവാതെ 215), അസര്‍ അലി (126) എന്നിവരുടെ ഇന്നിങ്സാണ് തുണയായത്. 

നാലിന് 268 എന്ന നിലയിലാണ് പാകിസ്ഥാന്‍ രണ്ടാംദിനം ആരംഭിച്ചത്. ഒരറ്റത്ത് ആബിദ് നിലയുറപ്പിച്ചെങ്കിലും മറുവശത്ത് സന്ദര്‍ശകര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. സാജിദ് ഖാനാണ് (20) ആദ്യം മടങ്ങിയത്. മുഹമ്മദ് റിസ്വാന്‍ (21), ഹാസന്‍ അലി (0) എന്നിവരും നിരാശപ്പെടുത്തി. വാലറ്റക്കാരന്‍ നൂമാന്‍ അലി (97)യോടൊപ്പം നടത്തിയ പോരാട്ടമാണ് പാകിസ്ഥാന്‍ സ്‌കോര്‍ 500 കടത്തിയത്.

29 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ആബിദിന്റെ ഇന്നിങ്സ്. 104 പന്തുകള്‍ നേരിട്ട നൂമാന്‍ അഞ്ച് സിക്സും ഒമ്പത് ഫോറും നേടി. ആദ്യദിനം ഇമ്രാന്‍ ബട്ട് (2), അസര്‍ അലി (126), ബാബര്‍ അസം (2), ഫവാദ് ആലം (5) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായിരുന്നത്.

Follow Us:
Download App:
  • android
  • ios