PAK vs AUS 1st Test : പാകിസ്ഥാനിലേക്കുള്ള ഓസീസ് ടീമിന്‍റെ തിരിച്ചുവരവ് ബാറ്റിംഗ് കൊണ്ട് ആഘോഷമാക്കുന്ന പാക് ടീമിനെയാണ് റാവല്‍പിണ്ടിയില്‍ രണ്ടാംദിനവും കണ്ടത്

റാവല്‍പിണ്ടി: ആദ്യ ടെസ്റ്റില്‍ (PAK vs AUS 1st Test) പാകിസ്ഥാന്‍റെ മികച്ച സ്‌കോര്‍ പിന്തുടരാമെന്ന പ്രതീക്ഷയോടെ ഓസ്‌ട്രേലിയ (Australia Cricket Team) ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ചു. പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 476 റണ്‍സ് പിന്തുടരവേ രണ്ടാംദിനം വെളിച്ചക്കുറവുമൂലം കളി നേരത്തെ അവസാനിപ്പിക്കുമ്പോള്‍ ഓസീസ് ഒരോവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 5 റണ്‍സെന്ന നിലയിലാണ്. ഉസ്‌മാന്‍ ഖവാജ (Usman Khawaja) അഞ്ചും ഡേവിഡ് വാര്‍ണര്‍ (David Warner) അക്കൗണ്ട് തുറക്കാതെയും ക്രീസില്‍ നില്‍ക്കുന്നു. 

പാകിസ്ഥാനിലേക്കുള്ള ഓസീസ് ടീമിന്‍റെ തിരിച്ചുവരവ് ബാറ്റിംഗ് കൊണ്ട് ആഘോഷമാക്കുന്ന പാക് ടീമിനെയാണ് റാവല്‍പിണ്ടിയില്‍ രണ്ടാംദിനവും കണ്ടത്. എട്ട് ബൗളര്‍മാരെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് പരീക്ഷിച്ചപ്പോള്‍ നാല് വിക്കറ്റേ വീഴ്‌ത്താനായുള്ളൂ. 476-4 എന്ന നിലയില്‍ പാകിസ്ഥാന്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്‍റെ (157 റണ്‍സ്) കന്നി ടെസ്റ്റ് സെഞ്ചുറിയായിരുന്നു ആദ്യദിനം ശ്രദ്ധേയമെങ്കില്‍ രണ്ടാംദിനം ഇരട്ട സെഞ്ചുറിക്കരികെ അസ്‌ഹര്‍ അലി പുറത്തായി. 361 പന്തില്‍ 15 ഫോറും മൂന്ന് സിക്‌സറും സഹിതം അസ്‌ഹര്‍ 185 റണ്‍സെടുത്തു. മാര്‍നസ് ലബുഷെയ്‌നാണ് വിക്കറ്റ്. നാലാം ടെസ്റ്റ് ഡബിളാണ് അസ്‌ഹറിന് നിര്‍ഭാഗ്യത്തിന് നഷ്‌ടമായത്. 

പാകിസ്ഥാന്‍ നിരയില്‍ ഓപ്പണര്‍ അബ‌്‌ദുള്ള ഷഫീഖ്(44), നായകന്‍ ബാബര്‍ അസം(36), വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍(29*), ഇഫ്‌തിഖര്‍ അഹമ്മദ്(13*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. റിസ്‌വാന്‍ ഇതിനിടെ 1000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കി. ഓസീസിനായി നേഥന്‍ ലിയോണും പാറ്റ് കമ്മിന്‍സും മാര്‍നസ് ലബുഷെയ്‌നും ഓരോ വിക്കറ്റ് വീഴ്‌ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവന്‍ സ്‌മിത്ത് എന്നിവരാണ് പന്തെടുത്ത മറ്റ് താരങ്ങള്‍. 

Scroll to load tweet…

പ്ലേയിംഗ് ഇലവനുകള്‍

പാകിസ്ഥാന്‍: അബ്‌ദുള്ള ഷഫീഖ്, ഇമാം ഉള്‍ ഹഖ്, അഷര്‍ അലി, ബാബര്‍ അസം(ക്യാപ്റ്റന്‍), ഫവാദ് ആലം, മുഹമ്മദ് റിസ്‌വാന്‍, ഇഫ്‌ത്തിഖര്‍ അഹമ്മദ്, നൗമാന്‍ അലി, സാജിദ് ഖാന്‍, നസീം ഷാ, ഷഹീന്‍ അഫ്രീദി. 

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നേഥന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

PAK vs AUS 1st Test : ഓസീസ് ബൗളര്‍മാര്‍ നിഷ്‌പ്രഭം, ഇമാം ഉള്‍ ഹഖിന് സെഞ്ചുറി; പാകിസ്ഥാന് മേല്‍ക്കൈ