ഇന്ത്യയുമായുള്ള ഹസ്തദാന വിവാദങ്ങൾക്കും പിന്മാറ്റ ഭീഷണിക്കും ശേഷം പാകിസ്ഥാൻ ഇന്ന് ഏഷ്യാ കപ്പിൽ യുഎഇയെ നേരിടും.
ദുബായ്: ഇന്ത്യയുമായുള്ള ഹസ്തദാന വിവാദങ്ങള്‍ക്കിടെ ഏഷ്യാകപ്പില്‍ പാകിസ്ഥാന്‍ ഇന്ന് ഇറങ്ങുന്നു. യുഎഇ ആണ് എതിരാളികള്‍. ദുബായില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. മാച്ച് റഫറിക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഏഷ്യാ കപ്പില്‍ നിന്ന് പിന്മാറാനുള്ള തീരുമാനത്തില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാതിരുന്ന ഇന്ത്യന്‍ ടീമിന് അനുകൂലമായി ഐസിസി നിലപാട് എടുത്തതോടെയാണ് പിസിബി വെട്ടിലായത്. ഒമാനോട് ജയിച്ച് തുടങ്ങിയ പാകിസ്ഥാന്‍ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയോട് 7 വിക്കറ്റിനാണ് തകന്നടിഞ്ഞത്.
ഇന്നലെ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ വാര്‍ത്താസമ്മേളനം റദ്ദാക്കിയ പാക് ടീം പരിശീലനത്തിന് സമയം ചെലവിട്ടിരുന്നു. എന്നാല്‍ മാധ്യമങ്ങളുടെ ചോദ്യം ഒഴിവാക്കാനാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന് ശേഷം ഹസ്തദാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഐസിസി നിലപാട് വ്യക്തമായതോടെയാണ് പിസിബിയുടെ തീരുമാനം. ആന്‍ഡി പൈക്രോഫ്റ്റിനെ മാച്ച് ഒഫീഷ്യല്‍സ് പാനലില്‍ നിന്ന് നീക്കം ചെയ്യണമെന്ന പിസിബിയുടെ ആവശ്യം ചൊവ്വാഴ്ച ഐസിസി ഔദ്യോഗികമായി നിരസിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പുതിയ നടപടികള്‍.
ടൂര്‍ണമെന്റ് പാനലില്‍ നിന്നും മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ ഏഷ്യാ കപ്പില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പിന്മാറുമെന്ന് പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി മുന്നറിയിപ്പ് നല്‍കിയിരുന്നു. മത്സരത്തിന്റെ ടോസ് സമയത്ത് പാകിസ്താന്‍ നായകന് ഹസ്തദാനം നല്‍കരുതെന്ന് ഇന്ത്യന്‍ ക്യാപ്റ്റനോട് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പറഞ്ഞിരുന്നുവെന്ന് പിസിബി ആരോപിച്ചു.
അതുപ്രകാരമാണ് സൂര്യകുമാര്‍ യാദവ് ഹസ്തദാനം ഒഴിവാക്കിയതെന്നാണ് പിസിബിയുടെ വാദം. തുടര്‍ന്നാണ് മാച്ച് റഫറിയെ ഒഴിവാക്കണമെന്ന് പിസിബി ആവശ്യപ്പെട്ടത്. ഒഴിവാക്കിയില്ലെങ്കില്‍ ഏഷ്യാ കപ്പില്‍ നിന്നും പിന്‍മാറുമെന്നും അറിയിച്ചു. എന്നാല്‍ റഫറി തെറ്റുകാരനല്ലെന്ന് ഐസിസി അറിയിച്ചു. പിന്നാലെ യുഎഇക്കെതിരെയുള്ള അടുത്ത മത്സരത്തില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്‍ വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍ ഏഷ്യ കപ്പ് ബഹിഷ്‌കരിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഐസിസി അറിയിച്ചു.



