ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിലെ അർധസെഞ്ചുറി പ്രകടനത്തോടെ ഇന്ത്യൻ താരം സ്മൃതി മന്ദാന ഐസിസി വനിതാ ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
ദുബായ്: വനിതാ ഏകദിന ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ദാന ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി നേടിയതിന് പിന്നാലെയാണ് മന്ദാന ഒന്നാമതെത്തിയത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നതാലി സ്‌കിവര്‍ ബ്രണ്ട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വനിതാ ലോകകപ്പിന് മുന്നോടിയായി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത് മന്ദാനയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുല്ലാന്‍പൂരില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 63 പന്തില്‍ ആറ് ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടെ 58 റണ്‍സ് നേടിയ മന്ദാന, ഫോബി ലിച്ച്ഫീല്‍ഡിന്റെ പന്തില്‍ റണ്ണൗട്ടാവുകയായിരുന്നു. റാങ്കിംഗില്‍ ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും മന്ദാനയാണ്.
ഇന്ത്യയുടെ പ്രതീക റാവലും ഹര്‍ലീന്‍ ഡിയോളും ബാറ്റിംഗ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കി. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ പ്രതിക 42-ാം സ്ഥാനത്താണ്. മത്സരത്തില്‍ പ്രതിക 64 റണ്‍സ് നേടിയിരുന്നു. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഹര്‍ലീന്‍ ഡിയോള്‍ 43-ാം സ്ഥാനത്താണ്. അതേസമയം, ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് ഒരു സ്ഥാനം നഷ്ടമായി. നിലവില്‍ 12-ാം സ്ഥാനത്താണ് ഹര്‍മന്‍പ്രീത്. രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായ ജമീമ റോഡ്രിഗസ് 15-ാം സ്ഥാനത്തായി. ദീപ്തി ശര്‍മ 24-ാം സ്ഥാനത്താത്തുണ്ട്. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ റിച്ചാ ഘോഷ് 37-ാം റാങ്കില്‍.
ഇന്ത്യക്കെതിരെ പുറത്താകാതെ 77 റണ്‍സ് നേടിയ ഓസ്ട്രേലിയയുടെ ബേത് മൂണി മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാമതെത്തി. ഓസീസ് ഓള്‍റൗണ്ടര്‍ എല്ലിസ് പെറി മൂന്നാം സ്ഥാനത്തുണ്ട്. ഓസീസിന്റെ തന്നെ അലീസ ഹീലിക്ക് ഒരു സ്ഥാനം നഷ്ടമായി. ആറാം സ്ഥാനത്താണിപ്പോള്‍ അവര്‍.
ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ സ്‌നേഹ റാണ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 13ലെത്തി. ദീപ്തി ശര്‍മയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം. മൂന്ന് സ്ഥാനങ്ങള്‍ താഴോട്ട് ഇറങ്ങിയ ദീപ്തി നിലവില്‍ ഏഴാം സ്ഥാനത്താണ്. കഴിഞ്ഞ ആഴ്ച ഒരു മത്സരവും കളിക്കാതിരുന്ന ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണ്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഓസ്ട്രേലിയയുടെ ആഷ് ഗാര്‍ഡ്നര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടീം റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഓസ്‌ട്രേലിയ ഒന്നാമതും ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും തുടരുന്നു.



