Asianet News MalayalamAsianet News Malayalam

PAK vs WI : വിന്‍ഡീസ് ടീമില്‍ കൂടുതല്‍ കളിക്കാര്‍ക്ക് കൊവിഡ്; പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര മാറ്റി

ഇന്ന് രാവിലെ വിന്‍ഡീസ് ടീമിലെ അവശേഷിക്കുന്ന 15 കളിക്കാരെയും ആറ് സപ്പോര്‍ട്ട് സ്റ്റാഫിനെയും ആന്‍റിജന്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നതിനാലാണ് ടി20 പരമ്പരയിലെ അവസാന മത്സരം റദ്ദാക്കാതെ പൂര്‍ത്തിയാക്കിയതെന്ന് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Pakistan vs West Indies : ODI series postponed to July 2022 as amid Covid-19 cases in West Indies Team
Author
Karachi, First Published Dec 16, 2021, 11:19 PM IST

കറാച്ചി: കളിക്കാര്‍ക്ക് കൊവി‍ഡ്(Covid-19) രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പാക്കിസ്ഥാന്‍-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരPakistan vs West Indies ODI Series)  ജൂലായയിലേക്ക് നീട്ടിവച്ചു. വിന്‍ഡീസ് ടീമിലെ അഞ്ച് കളിക്കാര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് ടി20 പരമ്പരക്ക് പിന്നാലെ നടക്കേണ്ട ഏകദിന പരമ്പര ജൂലൈ മാസത്തേക്ക് നീട്ടിയത്.

വെസ്റ്റ് ഇന്‍ഡീസ് ടീമിലെ ഷായ് ഹോപ്പ്(Shai Hope), അക്കീല്‍ ഹൊസൈന്‍(Akeal Hosein), ഓള്‍ റൗണ്ടര്‍ ജസ്റ്റിന്‍ ഗ്രീവ്സ്(Justin Greaves) എന്നിവര്‍ക്കാണ് ബുധനാഴ്ച നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. പാക്കിസ്ഥാനിലെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ ഷെല്‍ഡണ്‍ കോട്രല്‍( Sheldon Cottrell), റോസ്റ്റണ്‍ ചേസ്(Roston Chase), കെയ്ല്‍ മയേഴ്സ് (Kyle Mayers)എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇന്ന് രാവിലെ വിന്‍ഡീസ് ടീമിലെ അവശേഷിക്കുന്ന 15 കളിക്കാരെയും ആറ് സപ്പോര്‍ട്ട് സ്റ്റാഫിനെയും ആന്‍റിജന്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നതിനാലാണ് ടി20 പരമ്പരയിലെ അവസാന മത്സരം റദ്ദാക്കാതെ പൂര്‍ത്തിയാക്കിയതെന്ന് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഏന്നാല്‍ ഇരു ടീമിലെയും കളിക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയും വിന്‍‍ഡീസ് ടീമില്‍ കളിക്കാരുടെ ലഭ്യതയില്ലായ്മയും കണക്കിലെടുത്ത് ഏകദിന പരമ്പര ജൂലൈ ആദ്യവാരത്തിലേക്ക് മാറ്റുകയാണെന്നും ഇരു ബോര്‍ഡുകളും പറഞ്ഞു. ഏകദിന ലോകകപ്പിന് യോഗ്യത നേടാനുള്ള ലോക സൂപ്പര്‍ ലീഗിന്‍റെ ഭാഗം കൂടിയാണ് ഏകദിന പരമ്പര.

പരിശോധനാഫലം നെഗറ്റീവായ എല്ലാ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ഇന്ന് തന്നെ സ്വന്തം നാടുകളിലേക്ക് തിരിക്കും. കൊവിഡ് സ്ഥിരീകരിച്ച കളിക്കാരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും കറാച്ചിയില്‍ ഐസോലേഷനില്‍ ആക്കിയിരിക്കുകയാണെന്നും ക്രിസ്മസ് ആഘോഷത്തിനായി ഇവര്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യമൊരുക്കുമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. അതേസമയം, ബുധനാഴ്ച നടത്തിയ പിസിആര്‍ പരിശോധനയില്‍ പാക് കളിക്കാര്‍ക്ക് ആര്‍ക്കും കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് നടന്ന ടി20 പരമ്പരയിലെ അവസാന മത്സരവും ജയിച്ച് പാക്കിസ്ഥാന്‍ ടി20 പരമ്പര തൂത്തുവാരിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios