Asianet News MalayalamAsianet News Malayalam

Pakistan| മലയാളി ഡോക്റ്റര്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്ത് റിസ്‌വാന്‍; അദ്ദേഹമാണ് പ്രചോദനമായതെന്ന് താരം

നെഞ്ചില്‍ അണുബാധയുണ്ടായതിനെ തുര്‍ന്ന് ഐസിയുവിലായിരുന്നു അദ്ദേഹം. എന്നാല്‍ കളിക്കാനെത്തിയ അദ്ദേഹം 67 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററാവുകയും ചെയ്തു.

Pakistan Wicket Keeper Mohammad Rizwan shares chilling ICU details
Author
Dhaka, First Published Nov 16, 2021, 12:35 PM IST

ധാക്ക: ടി20 ലോകകപ്പ് (T20 World Cup) സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോട് (Australia) തോറ്റാണ് പാകിസ്ഥാന്‍ (Pakistan) പുറത്തായത്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്‌വാന്റെ (Mohammad Rizwan) പ്രകടനം ചര്‍ച്ചയായി. അന്ന് കളിക്കാന്‍ റിസ്‌വാന്‍ ഇറങ്ങുമോ എന്ന് പോലും സംശയമായിരുന്നു. നെഞ്ചില്‍ അണുബാധയുണ്ടായതിനെ തുര്‍ന്ന് ഐസിയുവിലായിരുന്നു അദ്ദേഹം. എന്നാല്‍ കളിക്കാനെത്തിയ അദ്ദേഹം 67 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററാവുകയും ചെയ്തു.

ഇപ്പോള്‍ റിസ്‌വാന്‍ പൂര്‍ണ ആരോഗ്യവാനാണ്. അന്നുണ്ടായ അവസ്ഥയെ കുറിച്ച് വിവരിക്കുകയാണ് റിസ്‌വാന്‍. ''ഞാന്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ എനിക്ക് ശരിയായ രീതിയില്‍ ശ്വാസമെടുക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. എന്റെ ശ്വാസനാളം ചുരുങ്ങിയിരിക്കുകയാണെന്ന് ഡോക്റ്റര്‍മാര്‍ പറഞ്ഞു. എനിക്ക് നാളെ കളിക്കാന്‍ ഇറങ്ങണം എന്ന് മാത്രമാണ് ഞാനവരോട് പറഞ്ഞത്. അവരൊന്നും മറുപടി പറയുന്നുണ്ടായിരുന്നില്ല. പിന്നീട് രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തങ്ങേണ്ടതുണ്ടെന്ന് നേഴ്‌സുമാരില്‍ ഒരാള്‍ എന്നെ അറിയിച്ചു. അതെന്നെ വിഷമിപ്പിച്ചു.''  റിസ്‌വാന്‍ പറഞ്ഞു. 

മലയാളി ഡോക്റ്റര്‍ സഹീര്‍ സൈനലാബ്ദീനാണ് (Dr Saheer Sainalabdeen) റിസ്‌വാനെ ചികിത്സിച്ചിരുന്നത്. റിസ്‌വാന്റെ പുരോഗതിയില്‍ ഡോക്റ്റര്‍ക്ക് അത്ഭുതമായിരുന്നു. ഡോക്റ്ററുടെ വാക്കുകളും എനിക്ക് പ്രചോദനമായെന്ന് റിസ്‌വാന്‍ പറഞ്ഞു. ''ആശുപത്രിയില്‍ കിടക്കുന്ന ഓരോ നിമിഷവും എന്റെ മനസില്‍ സെമി ഫൈനലായിരുന്നു. ഡോക്റ്റര്‍മാര്‍ കൃത്യസമയങ്ങളില്‍ പരിശോധിച്ചുകൊണ്ടിരുന്നു. ഡോക്റ്റര്‍ എന്നോട് പറഞ്ഞു, നിങ്ങള്‍ സെമി ഫൈനല്‍ കളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന്.  ആ വാക്കുകള്‍ എനിക്ക് പ്രചോദനമായി. എന്നാല്‍ പിന്നീട് അദ്ദേഹം പറഞ്ഞു, നിങ്ങള്‍ കളിക്കാന്‍ കഴിയില്ലെന്ന്. കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാവുമെന്നും ഡോക്റ്റര്‍ പറഞ്ഞു. എന്നെ തളര്‍ത്തിയത്. എന്നാല്‍ പിന്നീട് എന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയായിരുന്നു.'' റിസ്‌വാന്‍ വ്യക്തമാക്കി. 

നിലിവില്‍ ധാക്കയിലാണ് റിസ്‌വാന്‍. ബംഗ്ലാദേശിനെതിരെ രണ്ട് മൂന്ന് ടി20 മത്സങ്ങളും ഒരു ടെസ്റ്റുമാണ് പാകിസ്ഥാന്‍ കളിക്കുക.

Follow Us:
Download App:
  • android
  • ios