71 റൺസെടുത്ത സയിദ് അയൂബിന്റെയും 23 പന്തിൽ 28 റൺസെടുത്ത സഹിബ്സാദ ഫർഹാന്റെയും മികവിലായിരുന്നു ജയം.

ലാഹോർ: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി-20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ വിജയവുമായി തിരിച്ചെത്തി പാകിസ്ഥാൻ. ഒമ്പത് വിക്കറ്റിനാണ് പാകിസ്ഥാൻ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ പാകിസ്ഥാൻ സമനിലയിലെത്തി. ടോസ് നേടിയ പാകിസ്ഥാൻ ബൗളിങ് തെരഞ്ഞെടുത്തു. നാല് വിക്കറ്റെടുത്ത ഫഹീം അഷ്റഫ്, മൂന്ന് വിക്കറ്റ് വീഴ്ത്തിയ സൽമാൻ മിർസ, രണ്ട് വിക്കറ്റ് വീഴ്ത്തിയ നസീം ഷാ എന്നിവരുടെ ബൗളിങ് മികവിൽ പ്രൊട്ടീസിനെ 19.2 ഓവറിൽ 110 റൺസിന് പുറത്താക്കി. 25 റൺസെടുത്ത ഡിവാർഡ് ബ്രെവിസാണ് ടോപ് സ്കോറർ. 

മറുപടി ബാറ്റിങ്ങിൽ വെറും 13.1 ഓവറിൽ ആതിഥേയർ ലക്ഷ്യം മറി കടന്നു. 38 പന്തിൽ അഞ്ച് സിക്സറുകളുടെയും ആറ് ഫോറിന്റെയും അകമ്പടിയോടെ 71 റൺസെടുത്ത സയിദ് അയൂബിന്റെയും 23 പന്തിൽ 28 റൺസെടുത്ത സഹിബ്സാദ ഫർഹാന്റെയും മികവിലായിരുന്നു ജയം. ബാബർ അസം 11 റൺസുമായി പുറത്താകെ നിന്നു. 9 റൺസ് നേടിയതോടെ അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ബാബർ മാറി.