കറാച്ചി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില് പാകിസ്ഥാന് ജയം. കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ 67 റണ്‍സിനാണ് പാകിസ്ഥാന്‍ ജയിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന് ബാബര്‍ അസമിന്റെ (115) കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക 46.5 ഓവറില്‍ 238ന് എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് മത്സങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ മുന്നിലെത്തി. ആദ്യ മത്സരം മഴ കാരണം മുടക്കിയിരുന്നു. 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പ്രമുഖ ടീം പാകിസ്ഥാനില്‍ പര്യടനത്തിനെത്തുന്നത്.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ തുടക്കം പരിതാപകരമായിരുന്നു. 28 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ ഷെഹാന്‍ ജയസൂര്യ (96), ദസുന്‍ ഷനക (68) എന്നിവരുടെ ഇന്നിങ്‌സ് സന്ദര്‍ശകര്‍ക്ക് തുണയായി. ഇരുവരും 177 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇരുവരും മടങ്ങിയതോടെ ശേഷിക്കുന്ന വിക്കറ്റുകള്‍ പെട്ടന്ന് നഷ്ടമായി. ഉസ്മാന്‍ ഷിന്‍വാരി പാകിസ്ഥാന് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്്ത്തി.

നേരത്തെ ബാബര്‍ അസം നേടിയ (105 പന്തില്‍ 115) നേടിയ സെഞ്ചുറിയാണ് പാക് ഇന്നിങ്സിന്റെ പ്രത്യേകത. ഫഖര്‍ സമാന്‍ (54), ഇമാം ഉള്‍ ഹഖ് (31), ഹാരിസ് സൊഹൈല്‍ (40), സര്‍ഫറാസ് അഹമ്മദ് (8), ഇമാദ് വസീം (12), വഹാബ് റിയാസ് (2)എന്നിവരാണ് പുറത്തായ മറ്റു പാക് താരങ്ങള്‍. ഇഫ്തികര്‍ അഹമ്മദ് (32)പുറത്താവാതെ നിന്നു. മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ പാകിസ്ഥാന് നല്‍കിയത്. ഫഖര്‍- ഇമാം സഖ്യം 73 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നാലെ അസം- സൊഹൈല്‍ സഖ്യം 111 കൂട്ടിച്ചേര്‍ത്തു. നാല് സിക്സും എട്ട് ഫോറും അടങ്ങുന്നതാണ് അസമിന്റെ ഇന്നിങ്സ്. കരിയറിലെ 11ാം ഏകദിന സെഞ്ചുറിയാണിത്. വാനിഡു ഹസരംഗ ലങ്കയ്ക്കായി രണ്ട് വിക്കറ്റ് വഴ്ത്തി.

പത്ത് വര്‍ഷത്തിന് ശേഷമാണ് പാകിസ്ഥാനിലേക്ക് ഒരു പ്രമുഖ ടീം പര്യടനത്തിനെത്തുന്നത്. 2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ബസിനു നേരെ നടന്ന ഭീകരാക്രമണത്തിനുശേഷം പ്രമുഖ ടീമുകളൊന്നും പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ തയാറായിട്ടില്ല. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമടങ്ങുന്നതാണ് പരമ്പര. ആദ്യ ഏകദിനം മഴ കാരണം ഉപേക്ഷിച്ചിരുന്നു.