ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ യുഎഇയെ 31 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന് തുടര്‍ച്ചയായ രണ്ടാം ജയം.
ഷാര്‍ജ: ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ പാകിസ്ഥാന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്നലെ യുഎഇയെ 31 റണ്‍സിനാണ് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയത്. ഷാര്‍ജ, ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 207ന് എല്ലാവരും പുറത്തായി. ജുനൈദ് സിദിഖ്, സഗീര്‍ ഖാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ യുഎഇക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടാനാണ് സാധിച്ചത്. ആസിഫ് ഖാന്‍ 77 റണ്‍സ് നേടി. യുഎഇയുടെ മലയാളി താരം അലിഷാന്‍ ഷറഫു മൂന്ന് റണ്‍സെടുത്ത് പുറത്തായി.
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച യുഎഇ നന്നായിട്ടാണ് തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ മുഹമ്മദ് സൊഹൈബ് (13) - മുഹമ്മദ് വസീം (33) സഖ്യം 39 റണ്‍സ് ചേര്‍ത്തു. അഞ്ചാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. സൊഹൈബ് പുറത്ത്. തൊട്ടടുത്ത ഓവറില്‍ വസീം മടങ്ങി. മൂന്നാമനായി ക്രീസിലെത്തിയ ഏതന്‍ ഡിസൂസയും (3) മടങ്ങിയതോടെ പവര്‍ പ്ലേയില്‍ മൂന്നിന് 54 എന്ന നിലയിലായി യുഎഇ. ഷറഫുവിന് ആറ് പന്ത് മാത്രമായിരുന്നു ആയുസ്. രാഹുല്‍ ചോപ്രയെ (11) മുഹമ്മദ് നവാസ് മടക്കിയതോടെ അഞ്ചിന് 76 എന്ന നിലയിലായി യുഎഇ.
പിന്നീട് ആസിഫ് ഖാന്റെ ഇന്നിംഗ്‌സാണ് യുഎഇയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ധ്രുവ് പരാഷര്‍ (15), സഗീര്‍ ഖാന്‍ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹൈദര്‍ അലി (1), ജുനൈദ് സിദിഖ് (0) എന്നിവര്‍ പുറത്താവാതെ നിന്നു. നേരത്തെ സെയിം അയൂബ് (69), ഹസന്‍ നവാസ് (56) എന്നിവരുടെ ഇന്നിംഗ്‌സാണ് പാകിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മുഹമ്മദ് നവാസ് (25), ഹഹീം അഷ്‌റഫ് (16) എന്നിവരാണ് രണ്ടക്കം കണ്ട് മറ്റുതാരങ്ങള്‍. പരമ്പരയിലെ മൂന്നാമത്തെ ടീമായ അഫ്ഗാനിസ്ഥാനെതിരെ ആദ്യ മത്സരത്തിലും പാകിസ്ഥാന്‍ ജയിച്ചിരുന്നു.

