ത്രിരാഷ്ട്ര ടി20 പരമ്പരയിലെ മത്സരത്തിൽ സിംബാബ്‌വെയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്ഥാൻ. 148 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ മറികടന്ന പാകിസ്ഥാനുവേണ്ടി ഫഖർ സമാൻ, ഉസ്മാൻ ഖാൻ, മുഹമ്മദ് നവാസ് എന്നിവർ തിളങ്ങി.

റാവല്‍പിണ്ടി: ത്രിരാഷ്ട്ര പരമ്പരയില്‍ സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന് അഞ്ച് വിക്കറ്റ് ജയം. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സിംബാബ്‌വെ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറിലാണ് പാകിസ്ഥാന്‍ മറികടന്നത്. തുടക്കത്തില്‍ വിറച്ചെങ്കിലും ഫഖര്‍ സമാന്‍ (32 പന്തില്‍ 44), ഉസ്മാന്‍ ഖാന്‍ (28 പന്തില്‍ 37) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. 12 പന്തില്‍ 21 റണ്‍സെടുത്ത മുഹമ്മദ് നവാസ് നിര്‍ണായക പ്രകടനം നടത്തി. നേരത്തെ, സിംബാബ്‌വെയ്ക്ക് വേണ്ടി ബ്രയാന്‍ ബെന്നറ്റ് 49 റണ്‍സെടുത്തു. സിക്കന്ദര്‍ റാസ 34 റണ്‍സുമായി പുറത്താവാതെ നിന്നു. പാകിസ്ഥാന് വേണ്ടി മുഹമ്മദ് നവാസ് രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ത്രിരാഷ്ട്ര പരമ്പരയില്‍ പാകിസ്ഥാന്‍ മുന്നിലെത്തി. ശ്രീലങ്കയാണ് പരമ്പരയിലെ മൂന്നാമത്തെ ടീം.

തകര്‍ച്ചയോടെയായിരുന്നു പാകിസ്ഥാന്റെ തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ പാകിസ്ഥാന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. സഹിബ്‌സാദ ഫര്‍ഹാന്‍ (16), ബാബര്‍ അസം (0), സല്‍മാന്‍ അഗ (1) എന്നിവരാണ് പവര്‍ പ്ലേയില്‍ മടങ്ങിയത്. ബ്രാഡ് ഇവാന്‍സ് എറിഞ്ഞ അഞ്ചാം ഓവറില്‍ ആദ്യ പന്തില്‍ ഫര്‍ഹാന്‍ ബൗള്‍ഡായി. അഞ്ചാം പന്തില്‍ ബാബര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആറാം ഓവറില്‍ സല്‍മാന്‍ അഗയുടെ (1) വിക്കറ്റും പാകിസ്ഥാന് നഷ്ടമായി. ടിനൊതെന്‍ഡ മപോസയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 10-ാം ഓവറില്‍ സെയിം അയൂബും (22) മടങ്ങിയതോടെ നാലിന് 54 എന്ന നിലയിലായി പാകിസ്ഥാന്‍.

തുടര്‍ന്ന് ഫഖര്‍ സമാന്‍ - ഉസ്മാന്‍ ഖാന്‍ സഖ്യം കെട്ടിപടുത്ത കൂട്ടുകെട്ടാണ് പാകിസ്ഥാന് ഗുണമായത്. ഇരുവരും 61 റണ്‍സ് കൂട്ടിചേര്‍ത്തു. 16-ാം ഓവറില്‍ സമാന്‍ മടങ്ങിയെങ്കിലും നവാസിന്റെ ഇന്നിംഗ്‌സ് പാകിസ്ഥാന് വിജയം സമ്മാനിച്ചു. ഇതിനിടെ നവാസ് നല്‍കിയ ക്യാച്ച് അവസരം സിംബാബ്‌വെ താരം ബെന്നറ്റ് നഷ്ടമാക്കിയില്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ.

നേരത്തെ മികച്ച തുടക്കമായിരുന്നു സിംബാബ്‌വെയ്ക്ക്. ഒന്നാം വിക്കറ്റില്‍ ബ്രയാന്‍ ബെന്നറ്റ് - തഡിവാന്‍ഷെ മറുമാനി (22 പന്തില്‍ 30) സഖ്യം 72 റണ്‍സ് ചേര്‍ത്തു. മറുമാനിയെ പുറത്താക്കി മുഹമ്മദ് നവാസാണ് സിംബാബ്‌വെയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ ബ്രന്‍ഡന്‍ ടെയ്‌ലര്‍ (14), റ്യാന്‍ ബേള്‍ (8) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ ബെന്നറ്റും മടങ്ങി. തുടര്‍ന്ന് വന്നവരില്‍ റാസ ഒഴികെ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. 24 പന്തുകള്‍ നേരിട്ട റാസ ഒരു സിക്‌സും മൂന്ന് ഫോറും നേടി.

YouTube video player