അണ്ടര്‍ 19 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ സിക്സ് മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ബുലവായോ, ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഉദ്ധവ് മോഹന് പകരം ദീപേക് ദേവേന്ദ്രന്‍ ടീമില്‍ തിരിച്ചെത്തി. മലയാളി സ്പിന്നര്‍ മുഹമ്മദ് ഇനാന് ഇന്നും ടീമിലിടം നേടാന്‍ സാധിച്ചില്ല. മറ്റൊരു മലയാളി താരം ആരോണ്‍ ജോര്‍ജ് ടീമിലുണ്ട്. ടോസ് നേടിയാല്‍ ബാറ്റിംഗ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ വ്യക്തമാക്കി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
പാകിസ്ഥാന്‍: ഹംസ സഹൂര്‍ (വിക്കറ്റ് കീപ്പര്‍), സമീര്‍ മിന്‍ഹാസ്, ഉസ്മാന്‍ ഖാന്‍, അഹമ്മദ് ഹുസൈന്‍, ഫര്‍ഹാന്‍ യൂസഫ് (ക്യാപ്റ്റന്‍), ഹുസൈഫ അഹ്സന്‍, അലി ഹസ്സന്‍ ബലോച്ച്, അബ്ദുള്‍ സുബ്ഹാന്‍, മോമിന്‍ ഖമര്‍, മുഹമ്മദ് സയാം, അലി റാസ.
ഇന്ത്യ: ആരോണ്‍ ജോര്‍ജ്, വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വിഹാന്‍ മല്‍ഹോത്ര, അഭിജ്ഞാന്‍ കുന്ദു (വിക്കറ്റ് കീപ്പര്‍), വേദാന്ത് ത്രിവേദി, ആര്‍.എസ്. അംബരീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍.
സൂപ്പര്‍ സിക്സ് ഗ്രൂപ്പ് രണ്ടില്‍ നിന്ന് ആരൊക്കെ സെമി ഫൈനലിലെത്താന്‍ പാകിസ്ഥാന് ഇന്ത്യയെ വന്‍ മാര്‍ജിനില്‍ തന്നെ തോല്‍പ്പിക്കണം. ഇംഗ്ലണ്ട് നേരത്തെ സെമി ഉറപ്പാക്കിയിരുന്നു. ഇന്ത്യ, പാകിസ്ഥാന്‍ ടീമുകള്‍ കടുത്ത പോരാട്ടമാണ് സെമി ഫൈനല്‍ സ്ഥാനത്തിനായി നടത്തുന്നത്. ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, സിംബാബ്വെ എന്നിവര്‍ നേരത്തെ പുറത്തായിരുന്നു. നെറ്റ് റണ്‍റേറ്റ് ഇന്ത്യക്ക് അനുകൂലമാണ്. +3.337 നെറ്റ് റണ്‍റേറ്റുണ്ട് ഇന്ത്യക്ക്. മൂന്നില്‍ രണ്ട് മത്സരം ജയിച്ച പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്.
നാല് പോയിന്റുള്ള അവര്‍ക്ക് +1.484 നെറ്റ് റണ്‍റേറ്റാണുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നിര്‍ണായകമാകും. പാകിസ്ഥാന് സൂപ്പര്‍ സിക്സില്‍ കടക്കണമെങ്കില്‍ ഇന്ത്യയെ ഉയര്‍ന്ന മാര്‍ജിനില്‍ തന്നെ തോല്‍പ്പിക്കേണ്ടി വരും. ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് കടക്കുക എളുപ്പമായിരിക്കില്ല.

