ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ മെച്ചപ്പെട്ട പ്രകടനത്തിന് കെവിന്‍ പീറ്റേഴ്സണും പാര്‍ഥിവ് പട്ടേലും മധ്യനിര ബാറ്റ്സ്മാനെ പ്രശംസിച്ചു.
നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് ജയിക്കുമ്പോള്‍ മധ്യനിര താരം ശ്രേയസ് അയ്യരുടെ 59 റണ്‍സ് നിര്‍ണായകമായിരുന്നു. തന്റെ രണ്ടാമത്തെ വേഗമേറിയ ഏകദിന അര്‍ദ്ധ സെഞ്ചുറി നേടാനും അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യ സ്‌കോര്‍ പിന്തുടരുമ്പോള്‍ ആറ് ഓവറുകളില്‍ രണ്ട് വിക്കറ്റ് നഷ്ടമായിരിക്കെയാണ് ശ്രേയസ് ക്രീസിലെത്തുന്നത്. പിന്നീട് 36 പന്തില്‍ നിന്ന് 59 റണ്‍സുമായി ശ്രേയസ് മടങ്ങി. ആദ്യ ഏകദിനത്തിനുള്ള പ്ലേയിംഗ് ഇലവനിന്റെ ഭാഗമല്ലായിരുന്നു ശ്രേയസ്. എന്നാല്‍ കോലിക്ക് പരിക്കേറ്റപ്പോള്‍ ശ്രേയസിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
എന്തായാലും അവസരം ശരിക്കും മുതലാക്കാന്‍ ശ്രേയസിന് സാധിച്ചു. ശ്രേയസിന്റെ ഇന്നിംഗ്‌സ് നിരവധി വിദഗ്ധരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ മെച്ചപ്പെട്ട പ്രകടനത്തിന് കെവിന്‍ പീറ്റേഴ്സണും പാര്‍ഥിവ് പട്ടേലും മധ്യനിര ബാറ്റ്സ്മാനെ പ്രശംസിച്ചു. മുമ്പ് ഷോര്‍ട്ട് ബോളുകളില്‍ താരം സ്ഥിരം പുറത്താവുമായിരുന്നു. ജോഫ്ര ആര്‍ച്ചറെ ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ സിക്‌സറുകള്‍ പറത്തി. നാഗ്പൂരില്‍, അയ്യര്‍ തികച്ചും വ്യത്യസ്തനായ ഒരു താരമായി കാണപ്പെട്ടു.
ശ്രേയസിന്റെ ഇന്നിംഗ്‌സിനെ കുറിച്ച് പീറ്റേഴ്‌സണ്‍ പറഞ്ഞതിങ്ങനെ... ''അദ്ദേഹം മനോഹരമായി ബാറ്റ് ചെയ്തു. ജോഫ്ര ആര്‍ച്ചര്‍ ഷോര്‍ട്ട് ബോള്‍ എറിഞ്ഞു, വളരെ വേഗത്തില്‍ ഗതി മനസിലാക്കി അതിനുള്ള മറുപടിയും നല്‍കി. ശ്രേയസ് അനായാസം ബാറ്റ് ചെയ്യുന്നതായിട്ട് തോന്നി. ഏറ്റവും രസകരമായ കാര്യം അദ്ദേഹം ഗ്യാപ്പുകള്‍ കണ്ടെത്തി റണ്‍സ് നേടിയെന്നുള്ളതാണ്.'' പീറ്റേഴ്‌സണ്‍ പറഞ്ഞു.
ശ്രേയസ് തന്റെ ടെക്‌നിക്കില്‍ വരുത്തിയ മാറ്റത്തെ കുറിച്ച് പാര്‍ത്ഥിവ് പട്ടേല്‍ സംസാരിച്ചു. ''ശ്രേയസിന്റെ മനസില്‍ ഒരു പദ്ധതി ഉണ്ടായിരുന്നതായി തോന്നി. ബൗളര്‍മാര്‍ 140+ വേഗത്തിലാണ് പന്തെറിഞ്ഞത്. എന്നാല്‍ ശ്രേയസിന് അവരുടെ വേഗത ഉപയോഗിക്കാന്‍ കഴിഞ്ഞു. വളരെ വേഗമേറിയ ബൗളിംഗിനെതിരെ വ്യക്തത ഉണ്ടായിരുന്നുവെന്ന് എനിക്ക് തോന്നുന്നു.'' പാര്‍ത്ഥിവ് പറഞ്ഞു.
നാഗ്പൂരില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ 249 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (87) ഇന്നിംഗ്സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ (59), അക്സര്‍ പട്ടേല്‍ (52) എന്നിവരുടെ ഇന്നിംഗ്സുകളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

