Asianet News MalayalamAsianet News Malayalam

ആരാണ് പ്രിയപ്പെട്ട ക്യാപ്റ്റന്‍? പേര് വ്യക്തമാക്കി പാര്‍ത്ഥിവ് പട്ടേല്‍

ഐപിഎല്‍ കിരീടം ഉള്‍പ്പെടെ ആഭ്യന്തര ക്രിക്കറ്റില്‍ നേടാവുന്ന മിക്ക ട്രോഫികളും നേടിയെന്നും ഇതുതന്നെയാണ് വിരമിക്കാന്‍ പറ്റിയ അവസരമെന്നും അദ്ദേഹം വിരമിക്കല്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

 

parthiv patel names his favourite captain in cricket
Author
New Delhi, First Published Dec 9, 2020, 7:58 PM IST

ദില്ലി: ഇന്നാണ് പാര്‍ത്ഥിവ് പട്ടേല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 18 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനാണ് 35കാരന്‍ വിരാമമിട്ടത്. 2002ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു പാര്‍ത്ഥിവിന്റെ അരങ്ങേറ്റം. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഐപിഎല്‍ കിരീടം ഉള്‍പ്പെടെ ആഭ്യന്തര ക്രിക്കറ്റില്‍ നേടാവുന്ന മിക്ക ട്രോഫികളും നേടിയെന്നും ഇതുതന്നെയാണ് വിരമിക്കാന്‍ പറ്റിയ അവസരമെന്നും അദ്ദേഹം വിരമിക്കല്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

സൗരവ് ഗാംഗുലിക്ക് കീഴിലായിരുന്നു പാര്‍ത്ഥിവിന്റെ അരങ്ങേറ്റം. ഇപ്പോള്‍ മികച്ച താന്‍ കളിച്ചിട്ടുള്ളതില്‍ മികച്ച ക്യാപ്റ്റനാരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാര്‍ത്ഥിവ്. മറ്റാരുമല്ല, ഇന്ത്യന്‍ ടെസ്റ്റ് ജേഴ്‌സിയില്‍ അരങ്ങേറുമ്പോള്‍ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംലുലി തന്നെയാണ് എന്റെ മികച്ച ക്യാപ്റ്റനെന്ന് പാര്‍ത്ഥിവ് വ്യക്തമാക്കി. ''എല്ലായ്‌പ്പോഴും സൗരവ് ഗാംഗുലി തന്നെയാണ് എന്റെ മികച്ച ക്യാപ്റ്റന്‍. ഒരു ടീമിനെ മാനേജ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. 

അനില്‍ കുംബ്ലെയേയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താം. ഇന്ന് കാണുന്ന എന്നെ രൂപപ്പെടുത്തിയത് അവരാണ്. ദാദ കൈമാറിയ എന്റെ ടെസ്റ്റ് കാപ്പ് ഇപ്പോഴും ഞാന്‍ സൂക്ഷിക്കുന്നുണ്ട്. 2002, ഇംഗ്ലണ്ട് പര്യടനത്തിലെ ഹെഡ്ഡിങ്‌ലിയിലെ വിജയം ഇന്നും എനിക്ക് പ്രിയപ്പെട്ടതാണ്. അതുപോലെ 2003-04ല്‍ അഡ്‌ലെയ്ഡിലെ ജയം. റാവല്‍പിണ്ടിയില്‍ പാകിസ്ഥാനെതിരെ ഓപ്പണിംഗ് ഇറങ്ങി അര്‍ധ സെഞ്ചുറി നേടിയതെല്ലാം പ്രിയപ്പെട്ടതായി അവശേഷിക്കുന്നു.'' പാര്‍ത്ഥിവ് പറഞ്ഞുനിര്‍ത്തി. 

ഇന്ത്യയ്ക്കായി 25 ടെസ്റ്റും,39 ഏകദിനങ്ങളും, 2 ട്വന്റി ട്വന്റിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 934 റണ്‍സും, ഏകദിനത്തില്‍ 736 റണ്‍സും, ട്വന്റി 20യില്‍ 36 റണ്‍സും അന്താരാഷ്ട്ര തലത്തില്‍ നേടി. ഇന്ത്യയ്ക്ക് വേണ്ടി 2018ലാണ് അവസാനം കളത്തിലിറങ്ങിയത്. 194 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 11,240 റണ്‍സ് പാര്‍ത്ഥിവ് പട്ടേല്‍ നേടിയിട്ടുണ്ട്. ഇതില്‍ 27 സെഞ്ച്വറികള്‍ ഉണ്ട്. 43 ആണ് ആവറേജ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേര്‍സ് ബംഗലൂരു എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios