കറാച്ചി: ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കുമെന്ന് ഏറെകുറെ ഉറപ്പായിട്ടുണ്ട്. ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലാണ് ലോകകകപ്പ് നിശ്ചയിച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകകപ്പ് മാറ്റിവേക്കേണ്ട അവസ്ഥയാണ്. 2022ലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്തു. എന്നാല്‍ ലോകകപ്പ് മാറ്റിവെക്കുന്നതിനോട് പാകിസ്ഥാന്‍ ക്രിക്കറ്റിന് അത്ര മതിപ്പില്ല. ഐപിഎല്‍ പോലുള്ള ആഭ്യന്തര ടൂര്‍ണമെന്റുകള്‍ക്ക് ഐസിസി ടൂര്‍ണമെന്റുകളെക്കാള്‍ പരിഗണന കൊടുക്കരുതെന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്.

ലോകകപ്പ് മാറ്റിയാല്‍ ബിസിസിഐക്ക് ഐപിഎല്‍ നടത്താനാകും. ഐപിഎല്ലിന് നടത്താന്‍ വേണ്ടി ഐസിസി വഴങ്ങികൊടുക്കുകയാണെന്നാണ് പിസിബിയുടെ ആരോപണം. ലോകകപ്പിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കരുതെന്നാണ് പിസിബി പറയുന്നത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്താന്‍ ഒരുങ്ങുകയാണ്. 

ഈ പരമ്പരകള്‍ സുഗമമായി നടന്നാല്‍ മുന്‍ നിശ്ചയിച പ്രകാരം തന്നെ ലോകകപ്പ് നടത്താന്‍ സാധിക്കും. അതുകൊണ്ടുതന്നെ രണ്ട് മാസം കൂടി കാത്തിരിക്കണമെന്ന് പിസിബി പറയുന്നു. എന്തായാലും ഐസിസിയുടെ ഔദ്യോഗിക തീരുമാനം വൈകാതെ അറിയാം. ലോകകപ്പ് മാറ്റിയില്‍ ഈ കാലയളവില്‍ ഐപിഎല്‍ നടത്താനാണ് ബിസിസിഐയുടെ പദ്ധതി.

ഐപിഎല്ലില്‍ പാക് താരങ്ങള്‍ പങ്കെടുക്കാത്തതുകൊണ്ട് ഈ സമയം എങ്ങനെ വിനിയോഗിക്കണമെന്ന ചിന്തയിലാണ് പിസിബി. ഏഷ്യാ കപ്പും ലോകകപ്പും നീക്കിവെയ്ക്കുന്നതിനോട് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഒട്ടും യോജിപ്പില്ല.