ഗില്ലിന്‍റെ കാര്യമെടുത്താല്‍ അവന്‍ കളിച്ച ചില ഷോട്ടുകള്‍ പന്തിന്‍റെ ലൈനോ ലെങ്ത്തോ മനസിലാകാതെയായിരുന്നുവെന്ന് വ്യക്തമാണ്.ഇഷാന്‍ കിഷനും ഗില്ലും കനത്ത ഷോട്ടുകള്‍ കളിക്കാനാണ് തുടക്കം മുതല്‍ ശ്രമിക്കുന്നത്.

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരാ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതോടെ ഇന്ത്യയുടെ യുവനിരക്കെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും സഞ്ജു സാംസണും അടക്കമുള്ള യുവനിരയുടെ പ്രകടനം പ്രതീക്ഷിക്കൊത്ത് ഉയരാത്തതും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തന്ത്രങ്ങള്‍ പിഴച്ചതുമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇതിനിടെ ഇന്ത്യയുടെ യഥാര്‍ത്ഥ പ്രശ്നം ഓപ്പണിംഗാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍ പി സിംഗ്.

ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തീരെ ആത്മവിശ്വാസമില്ലാത്തവരെപ്പോലെയാണ് ബാറ്റ് ചെയ്യുന്നതെന്ന് ആര്‍ പി സിംഗ് ജിയോ സിനിമയിലെ ടോക് ഷോയില്‍ പറഞ്ഞു. ബാറ്റിംഗ് ലൈനപ്പില്‍ ഓപ്പണിംഗാണ് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്ന മേഖല. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും ടി20 പരമ്പരയില്‍ ആത്മവിശ്വാസത്തോടെയല്ല ബാറ്റ് ചെയ്യുന്നത്.അവരുടെ പ്രകടനം അവര്‍ തന്നെ ഒന്നുകൂടി വിശകലനം ചെയ്യുന്നത് നന്നായിരിക്കും.

ഗില്ലിന്‍റെ കാര്യമെടുത്താല്‍ അവന്‍ കളിച്ച ചില ഷോട്ടുകള്‍ പന്തിന്‍റെ ലൈനോ ലെങ്ത്തോ മനസിലാകാതെയായിരുന്നുവെന്ന് വ്യക്തമാണ്.ഇഷാന്‍ കിഷനും ഗില്ലും കനത്ത ഷോട്ടുകള്‍ കളിക്കാനാണ് തുടക്കം മുതല്‍ ശ്രമിക്കുന്നത്. എന്നാല്‍ കണട്ക് ചെയ്യുന്നതില്‍ രണ്ടുപേരും പരാജയപ്പെടുകയും ബീറ്റണാവുകയുമാണ്.അതുകൊണ്ടുതന്നെ പവര്‍ പ്ലേയില്‍ നമ്മള്‍ നനഞ്ഞ പടക്കമാവുന്നു.രണ്‍സടിക്കുന്നില്ല എന്നു മാത്രമല്ല പവര്‍ പ്ലേയില്‍ വിക്കറ്റുകളും നഷ്ടമായി.ആത്മവിശ്വാസത്തോടെയുള്ള ഫൂട്ട് വര്‍ക്കോ ഡ്രൈവുകളോ ഇരുവരുടെയും ബാറ്റിംഗില്‍ കാണാനില്ല. മൂന്നാം ടി20യിലെങ്കിലും അവര്‍ ഇരുവരും റണ്‍സടിക്കുമെന്നാണ് പ്രതീക്ഷയെന്നും ആര്‍ പി സിംഗ് പറഞ്ഞു.

3 മാറ്റങ്ങള്‍ ഉറപ്പ്, പുറത്താകുക സഞ്ജുവോ ഗില്ലോ; വിന്‍ഡീസിനെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

ഇന്നലെ നടന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തപ്പോള്‍ വിന്‍ഡീസ് 18.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. കിഷന്‍ 23 പന്തില്‍ രണ്ട് സിക്സും രണ്ട് ഫോറും പറത്തി 27 റണ്‍സടിച്ചപ്പോള്‍ ഒമ്പത് പന്തില്‍ ഏഴ് റണ്‍സെടുത്ത ഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രണ്ടക്കം കടന്നില്ല.