ക്രിക്കറ്റിൽ ഐസിസി നിരവധി സുപ്രധാന മാറ്റങ്ങൾ പരിഗണിക്കുന്നതായി റിപ്പോർട്ട്. ടെസ്റ്റ് മത്സരങ്ങളിൽ കാലാവസ്ഥ മോശമായാൽ പിങ്ക് പന്ത് ഉപയോഗിക്കുന്നതും, ടി20 മത്സരങ്ങളിലെ ഇടവേള കുറയ്ക്കുന്നതും, സംശയാസ്പദമായ ബൗളിംഗ് ആക്ഷൻ പരിശോധിക്കാൻ അമ്പയർമാർക്ക് അധികാരം നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു.
ദുബായ്: ക്രിക്കറ്റിൽ ഐസിസി വമ്പൻ മാറ്റങ്ങൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഒരേ ടെസ്റ്റിൽ പല നിറത്തിലുള്ള പന്തുകൾ ഉപയോഗിക്കുന്നതടക്കം മാറ്റങ്ങൾ വരുമെന്നാണ് സൂചന. അന്താരാഷ്‌ട്ര ട്വന്‍റി 20 മത്സരങ്ങളിലെ ഇടവേളയുടെ സമയം കുറയ്‌ക്കല്‍, സംശയാസ്‌പദമായ ബൗളിംഗ് ആക്ഷൻ പരിശോധിക്കാൻ അംപയർമാർക്ക് അധികാരം നൽകല്‍ എന്നിവയും ഐസിസിയുടെ പരിഗണനയിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മെയ് മുപ്പതിനാണ് ഐസിസി ബോർഡ് യോഗ ചേരുക. അതിന് മുന്നോടിയാണ് നിരവധി നിർദേശങ്ങൾ ചർച്ചയാകുന്നത്. ടെസ്റ്റ് മത്സരത്തിനിടെ ചുവപ്പ് പന്തിൽ നിന്ന് പിങ്ക് പന്തിലേക്ക് മാറാനുള്ള സാധ്യതയാണ് പ്രധാന നിർദേശങ്ങളിലൊന്ന്. കാലാവസ്ഥാ തടസ്സങ്ങൾ കാരണം മത്സരം ലൈറ്റിൽ തുടരേണ്ടി വന്നാൽ, ഇരുടീമുകളും സമ്മതിച്ചാൽ പിങ്ക് പന്ത് ഉപയോഗിക്കാൻ അനുവദിക്കാമെന്നാണ് സൂചന. ഡ്രിങ്ക്സ് ബ്രേക്കിനിടെ മുഖ്യ പരിശീലകന് മൈതാനത്ത് പ്രവേശിക്കാനാവുന്ന തരത്തിൽ നിയമങ്ങൾ മാറ്റുന്ന കാര്യം ബോർഡ് യോഗം ചർച്ച ചെയ്യും.
നിലവിലെ നിയമപ്രകാരം പകരക്കാരനായ കളിക്കാർക്ക് മാത്രമാണ് മൈതാനത്തേക്ക് പ്രവേശനാനുമതി. ടി20 അന്താരാഷ്ട്ര മത്സരങ്ങളിലെ ഇന്നിംഗ്‌സ് ഇടവേള 20 മിനിറ്റിൽ നിന്ന് 15 മിനിറ്റാക്കി കുറയ്ക്കാൻ ആലോചനയുണ്ട്. നിലവിൽ 20 മിനിറ്റ് ഇടവേളയാണ് ഉള്ളത്. ഇവയ്ക്കൊപ്പം മത്സരത്തിനിടെ ബൗളർമാരുടെ സംശയാസ്‌പദമായ ബൗളിംഗ് ആക്ഷൻ പരിശോധിക്കാൻ അംപയർമാർക്ക് അധികാരം നൽകുന്നതും ഐസിസിയുടെ ആലോചനയിലുണ്ട്. പുതിയ മാറ്റങ്ങളുടെ പ്രാരംഭ ചർച്ചകൾ മാത്രമാകും ഐസിസി യോഗത്തിലുണ്ടാവുക. ഒക്‌ടോബര്‍ 1 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



