ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാനായി രാജസ്ഥാൻ റോയൽസ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും. തുടർച്ചയായ തോൽവികൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തിയ രാജസ്ഥാന് ജയം അനിവാര്യമാണ്, അതേസമയം ഈ സീസണിൽ മോശം ഫോമിലുള്ള മുംബൈക്ക് ഇത് അഭിമാന പോരാട്ടമാണ്. ഈ മത്സരഫലം പ്ലേ ഓഫ് ചിത്രം കൂടുതൽ വ്യക്തമാക്കും.
മുംബൈ: ഐപിഎൽ 2026 സീസണില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സിന് നിർണായക മത്സരം. മുംബൈ ഇന്ത്യൻസിനെതിരെ മിന്നും ജയം നേടി പ്ലേ ഓഫ് ഉറപ്പിക്കലാകും റോയൽസിന്‍റെ ലക്ഷ്യം. വൈകിട്ട് 3.30-ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. രാത്രി ഏഴരയ്‌ക്ക് ആരംഭിക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.

മുംബൈ vs രാജസ്ഥാന്‍, കൊല്‍ക്കത്ത vs ഡല്‍ഹി
പ്ലേ ഓഫിന് അരികെ നിന്ന് തുടർച്ചെയായി മൂന്ന് മത്സരങ്ങൾ തോറ്റതാണ് രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടിയായത്. ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരെ 220 റൺസ് പിന്തുടർന്ന് ജയിച്ചതിന്‍റെ ആവേശത്തിലാകും ടീം ഇന്നിറങ്ങുക. 13 മത്സരങ്ങളിൽ നിന്ന് 579 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് വൈബിലാണ് ടീം പ്രതീക്ഷ. വൈഭവും ബുമ്രയും വീണ്ടും നേർക്കുനേരെത്തുന്നത് ഐപിഎല്ലിലെ ഹൈ-മൊമന്‍റാകുമെന്നുറപ്പ്. വൈഭവിനൊപ്പം യശസ്വി ജയ്സ്വാളും ധ്രുവ് ജൂറെലുമടക്കം തിളങ്ങിയാലേ രാജസ്ഥാന്‍ അനായാസം ജയിക്കൂ. സ്ഥിരം ക്യാപ്റ്റൻ റിയാൻ പരാഗും രവീന്ദ്ര ജഡേജയും ഫിറ്റ്നസ് വീണ്ടെടുക്കുകയാണ്. പരാഗ് കളിച്ചില്ലെങ്കിൽ ജയ്സ്വാൾ നായകനാകും.
അതേസമയം, മുംബൈ ഇന്ത്യന്‍സാവട്ടേ ശരിക്കൊരു പ്ലെയിങ് ഇലവനെ പോലും കണ്ടെത്താനാകാതെ പരുങ്ങലിലാണ്. 24 താരങ്ങളാണ് സീസണിൽ ഇതുവരെ മുംബൈയ്ക്കായി കളത്തിലിറങ്ങിയത്. രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും തിലക് വർമ്മയുമടക്കം ബിഗ് ഗണ്ണുകളുള്ള ടീമിലെ ആരും മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ മുന്നിലില്ല. ബോളിങ്ങിലും ആദ്യ പത്തിൽ മുംബൈ താരങ്ങളില്ല. കംപ്ലീറ്റ് ഫ്ലോപ്പ് സീസണൊടുവിൽ ആരാധകർക്ക് എന്തെങ്കിലും സന്തോഷം കൊടുക്കുക എന്ന ലക്ഷ്യത്തോടെയാകും മുംബൈ ഇന്നിറങ്ങുകയെന്നുറപ്പ്. നേർക്കുനേർ ഏറ്റുമുട്ടിയ 32 മത്സരങ്ങളിൽ 16-ൽ മുംബൈ ജയിച്ചപ്പോൾ രാജസ്ഥാൻ 15 ജയവുമായി തൊട്ടുപിന്നിലുണ്ട്. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാനായിരുന്നു ജയം. പകരംവീട്ടി റോയൽസിനെയും പിടിച്ച് പുറത്തിടുമോ മുംബൈ, അതോ വൺ ഫാമിലിയെ കരയിച്ച് റോയലായി പ്ലേ ഓഫിലെത്തുമോ രാജസ്ഥാനെന്ന് കാത്തിരുന്ന് കാണാം.
പ്ലേ ഓഫിലെ നാലാം ടീം ആരാകും?
പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളാണ് പ്ലേ ഓഫിലെ നാലാം സ്ഥാനത്തിനായി മത്സരരംഗത്തുള്ളത്. മുംബൈയ്‌ക്കെതിരെ ഇന്ന് ജയിച്ചാൽ രാജസ്ഥാന്‍ 16 പോയിന്‍റുകളുമായി പ്ലേ ഓഫിലെത്തും. രണ്ടാം മത്സരത്തിൽ ഡൽഹിയെ 77 റൺസിനെങ്കിലും തോൽപിച്ചാലെ പഞ്ചാബിനെ മറികടന്ന് കൊൽക്കത്ത പ്ലേ ഓഫിലെത്തൂ. എന്നാല്‍, കൊല്‍ക്കത്തയും രാജസ്ഥാനും തോറ്റാല്‍ പഞ്ചാബ് ഈസിയായി പ്ലേ ഓഫിലെത്തും.



