Asianet News MalayalamAsianet News Malayalam

തട്ടികൊണ്ടുപോകല്‍, പിടിച്ചുപറി! ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ വിജയ് സോളിനെതിരെ കേസ്

ആയുധം കൈവച്ചതുള്‍പ്പെടെയുള്ള കേസുകള്‍ ഇരുവര്‍ക്കെതിരേയുണ്ട്. പിന്നീട്, പരാതി നല്‍കിയ മാനേജര്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്യുകയുണ്ടായി.

police registered case against  former indian u19 cricket team captain vijay zol for kidnapping
Author
First Published Jan 18, 2023, 4:21 PM IST

പൂനെ: തട്ടികൊണ്ടുപോകല്‍, പിടിച്ചുപറി എന്നീ കുറ്റങ്ങള്‍ ആരോപിച്ച് മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിജയ് സോളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സോളിനേയും അദ്ദേഹത്തിന്റെ സഹോദരന്‍ വിക്രം സോള്‍ ഉള്‍പ്പെടെ ഇരുപത് പേര്‍ക്കെതിരെയാണ് ജല്‍ന പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു ക്രിപ്‌റ്റോ കറന്‍സി ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

ആയുധം കൈവച്ചതുള്‍പ്പെടെയുള്ള കേസുകള്‍ ഇരുവര്‍ക്കെതിരേയുണ്ട്. പിന്നീട്, പരാതി നല്‍കിയ മാനേജര്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്യുകയുണ്ടായി. നിരവധി നിക്ഷേപകരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വഞ്ചിച്ചതായും ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടതായും ആരോപിച്ച് മറ്റൊരാള്‍ നല്‍കിയ പരാതിയിലാണ് കേസ്.

ജല്‍ന പോലീസ് സ്റ്റേഷനിലെ പോലീസ് സൂപ്രണ്ട് ആകാശ് ഷിന്‍ഡെ വിവരിക്കുന്നതിങ്ങനെ... ''ഇരുഭാഗത്ത് നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തി, ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും.'' അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ സോളിന്റെ അച്ഛനും സീനിയര്‍ ക്രിമിനല്‍ വക്കീലുമായ ബൗസഹേബ് സോള്‍ പറയുന്നതിങ്ങനെ.. ''എന്റെ മക്കള്‍, ക്രിപ്‌റ്റോ കറന്‍സി ഇന്‍വെസ്റ്റ്‌മെന്റ് മാനേജരുടെ കൂട്ടുകച്ചവടത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ടാവും. എന്നാല്‍ തട്ടികൊണ്ടുപോയി എന്ന് പരാതിയില്‍ പറയുന്നത് തെറ്റാണ്.'' അദ്ദേഹം വ്യക്തമാക്കി.

സോള്‍ സഹോദരന്മാര്‍ മറ്റു 20 പേര്‍ക്കൊപ്പം പൂനെയിലേക്ക് പോയി ഇന്‍വെസ്റ്റ്മെന്റ് മാനേജരെ വീട്ടില്‍ നിന്നിറക്കി പത്ത് ദിവസത്തോളം ഔറംഗബാദ് നഗരത്തിലെ ഒരു ഹോട്ടലില്‍ കുടുങ്ങിയതായും ആരോപണമുണ്ട്. പിന്നാലെ ജല്‍നയിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു. സോള്‍ സഹോദരന്മാര്‍ തന്റെ സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് മാനേജര്‍ എഫ്ഐആറില്‍ പറയുന്നുണ്ട്.

ഇന്ത്യക്ക് വേണ്ടി രണ്ട് അണ്ടര്‍ 19 ലോകകപ്പ് കളിച്ചിട്ടുള്ള ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് സോള്‍. 2012ലായിരുന്നു ആദ്യത്തേത്. അന്ന് ഇന്ത്യ ചാംപ്യന്മാരാവുകയും ചെയ്തു. 2014ല്‍ ഇന്ത്യയെ നയിച്ചതും സോളായിരുന്നു. സഞ്ജു സാംസണായിരുന്നു അന്ന് വൈസ് ക്യാപ്റ്റന്‍. എന്നാല്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.

'ഗില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചു'; ഹൈദരാബാദിലെ ഗില്ലാട്ടത്തെ വാഴ്‌ത്തി ക്രിക്കറ്റ് ലോകം

Follow Us:
Download App:
  • android
  • ios