ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പ് നേട്ടത്തില്‍ പ്രസിദ്ധ് കൃഷ്ണ മുന്നില്‍. 15 മത്സരങ്ങളില്‍ 25 വിക്കറ്റുകള്‍ വീഴ്ത്തിയ പ്രസിദ്ധ്, നൂര്‍ അഹമ്മദിനെ പിന്തള്ളി ഒന്നാമതെത്തി.
മൊഹാലി: ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പിനുള്ള പോരാട്ടത്തില്‍ വലിയ വെല്ലുവിളികളില്ലാതെ ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രസിദ്ധ് കൃഷ്ണ. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ എലിമിനേറ്ററില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി. 15 മത്സരങ്ങളില്‍ 25 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്പിന്നര്‍ നൂര്‍ അഹമ്മദിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളാനും പ്രസിദ്ധിന് സാധിച്ചു. 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ നൂര്‍ അഹമ്മദിന് 24 വിക്കറ്റാണുള്ളത്.
രണ്ട് പേര്‍ക്കും ഇനി മത്സരങ്ങളില്ല. പ്രസിദ്ധിന് ഇനി വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്ന താരങ്ങള്‍ ആര്‍സിബിയുടെ ജോഷ് ഹേസല്‍വുഡും മുംബൈ ഇന്ത്യന്‍സിന്റെ ട്രന്റ് ബോള്‍ട്ടുമാണ്. ഇരുവരും 21 വിക്കറ്റുകള്‍. ഹേസല്‍വഡിന് ഇനി ഫൈനല്‍ മാത്രമാണ് കളിക്കാനുള്ളത്. അഞ്ച് വിക്കറ്റെടുത്താല്‍ മാത്രമെ പ്രസിദ്ധിന് മറികടക്കാന്‍ സാധിക്കൂ. ബോള്‍ട്ടിന് നാളെ രണ്ടാം ക്വാളിഫയര്‍ കളിക്കാനുണ്ട്. അതില്‍ ജയിച്ചാല്‍ ഫൈനലും. ഇവരില്‍ ആര് പ്രസിദ്ധിനെ മറികടക്കുമെന്ന് കാത്തിരുന്ന് കാണാം.
19 പേരെ പുറത്താക്കിയ ഗുജറാത്തിന്റെ സായ് കിഷോറാണ് വിക്കറ്റ് വേട്ടയില്‍ അഞ്ചാമത്. 18 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ബുമ്ര ആറാം സ്ഥാനത്തുണ്ട്. രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ അവസരം കിട്ടിയാല്‍ ബുമ്രയും ഇപ്പോഴത്തെ ഫോമില്‍ മുന്നോട്ട് കേറാന്‍ സാധ്യതയുണ്ട്. ഇത്രയും തന്നെ വിക്കറ്റുള്ള പഞ്ചാബിന്റെ അര്‍ഷ്ദീപ് സിംഗ് ബുമ്രയ്ക്ക് തൊട്ടുപിന്നില്‍ ഏഴാമത്. 17 വിക്കറ്റ് വീതം വീഴ്ത്തിയ വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി ഒമ്പതും പത്തും സ്ഥാനങ്ങളില്‍. പാറ്റ് കമ്മിന്‍സ് (16) പത്താം സ്ഥാനത്താണ്.
ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ ബഹുദൂരം മുന്നിലെത്തി ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശന്‍. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ എലിമിനേറ്ററില്‍ 49 പന്തില്‍ 80 റണ്‍സാണ് സായ് നേടിയത്. ഇതോടെ 15 ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സായിക്ക് 759 റണ്‍സായി. 54.21 ശരാശരിയിലും 156.17 സ്‌ട്രൈക്ക് റേറ്റിലുമാണ് സായിയുടെ റണ്‍വേട്ട. മുംബൈയോട് തോറ്റതോടെ ഗുജറാത്ത് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഇതോടെ സായ് സുദര്‍ശന്റെ സീസണ്‍ അവസാനിക്കുകയും ചെയ്തു. ഒരു സീസണില്‍ 700 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് സായ്. 2016ല്‍ വിരാട് കോലി 973 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇതുതന്നെയാണ് ഒരു സീസണിലെ ഉയര്‍ന്ന സ്‌കോര്‍. രണ്ടാം സ്ഥാനത്ത് ശുഭ്മാന്‍ ഗില്‍. 2023 സീസണില്‍ 890 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഗില്ലിന് പിന്നിലാണ് സായ്. കഴിഞ്ഞ സീസണില്‍ കോലി ഒരിക്കല്‍ കൂടി 700 കടന്നു. 741 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം.



