മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബാറ്റിംഗ് പരിശീലകനാവാന്‍ അപേക്ഷ നല്‍കി മുന്‍താരം പ്രവീൺ ആംറെ. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ഡല്‍ഹി കാപിറ്റല്‍സില്‍ റിക്കി പോണ്ടിംഗിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ അമേരിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിംഗ് ഉപദേശകനാണ്. 

സച്ചിൻ ടെണ്ടുൽക്കറെയും വിനോദ് കാംബ്ലിയെയും ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ച രമാകാന്ത് അച്‌രേക്കര്‍ സ്‌കൂളില്‍ നിന്നാണ് ആംറെയും ക്രിക്കറ്റിന്‍റെ ബാലപാഠങ്ങള്‍ പഠിച്ചത്. ഇന്ത്യക്കായി 48 മത്സരങ്ങളില്‍ കുപ്പായമണിഞ്ഞു. ഇന്ത്യന്‍ ടെസ്റ്റ് ഉപനായകന്‍ അജിങ്ക്യ രഹാനെയുടെ പരിശീലകനാണ്. സുരേഷ് റെയ്‌ന, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ തുടങ്ങിയവരും ആംറെയില്‍ നിന്ന് ബാറ്റിംഗ് ഉപദേശം സ്വീകരിച്ചിട്ടുണ്ട്. 

കാലാവധി അവസാനിച്ച സഞ്‌ജയ് ബാംഗറിനെ ഇന്ത്യയുടെ ലോകകപ്പ് തോല്‍വിയോടെ നിലനിര്‍ത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അനില്‍ കുംബ്ലെ, രവി ശാസ്‌ത്രി എന്നിവര്‍ക്ക് കീഴില്‍ ബാറ്റിംഗ് പരിശീലകനായിരുന്നു ബാംഗര്‍. ബാറ്റിംഗില്‍ മധ്യനിരയിലെ പ്രശ്‌നങ്ങളാണ് ബാംഗറിനെ പ്രതിരോധത്തിലാക്കുന്നത്. രണ്ട് വര്‍ഷത്തിലധികമായി ചര്‍ച്ച ചെയ്യുന്ന നാലാം നമ്പര്‍ പ്രശ്‌നത്തില്‍ ശ്വാശത പരിഹാരം കണ്ടെത്താന്‍ ബാംഗറിന് ലോകകപ്പിലും കഴിഞ്ഞിരുന്നില്ല.

രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലകസംഘത്തിന് വിന്‍ഡീസ് പര്യടനം അവസാനിക്കും വരെയാണ് കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്. ആഗസ്റ്റ് മൂന്ന് മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ പുതിയ പരിശീലകസംഘത്തിന് കീഴിലാണ് ഇന്ത്യ കളിക്കുക. കപില്‍ ദേവ് അധ്യക്ഷനായ അന്‍ഷുമാന്‍ ഗെയ്‌ക്‌വാദും ശാന്ത രംഗസ്വാമിയും അടങ്ങിയ സമിതിയാണ് പരിശീലകരെ തെരഞ്ഞെടുക്കുക. 

മുഖ്യ പരിശീലകനെ കൂടാതെ ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് കോച്ചുമാരെയും ഫിസിയോ, സ്‌ട്രെങ്‌ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച്, അഡ്‌മിനി‌സ്‌ട്രേറ്റീവ് മാനേജര്‍ എന്നിവരെയും കപില്‍ സമിതി തെരഞ്ഞെടുക്കും. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിയെ കൂടാതെ മഹേള ജയവര്‍ധനെ, ഗാരി കിര്‍സ്റ്റന്‍, ടോം മൂഡി, വീരേന്ദര്‍ സെവാഗ്, മൈക്ക് ഹസി തുടങ്ങിയ പ്രമുഖരും മുഖ്യ പരിശീലകനാകാന്‍ മത്സരരംഗത്തുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.