ദില്ലി: ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് നീണ്ട കത്തിലൂടെ ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് പേജുകളിലായി എഴുതിയ കത്തില്‍ 16 വര്‍ഷം നീണ്ട ധോണിയുടെ കരിയറിലെ ഓരോ നേട്ടങ്ങളും പ്രധാനമന്ത്രി അനുസ്മരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ധോണിക്കെഴുതിയ കത്തിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട മഹേന്ദ്ര...

ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് സ്വതസിദ്ധമായ ശൈലിയില്‍ താങ്കള്‍ പങ്കുവെച്ചൊരു ചെറിയ വീഡിയോ രാജ്യം മുഴുവന്‍ ആകാംക്ഷയോടെ ചര്‍ച്ച ചെയ്യുകയാണല്ലോ. താങ്കളുടെ ആ വീഡിയോ രാജ്യത്തെ 130 കോടി ജനങ്ങളെയാണ് ഒരേസമയം നിരാശരാക്കിയത്. പക്ഷെ അപ്പോഴും കഴിഞ്ഞ ഒന്നരപതിറ്റാണ്ട് താങ്കള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ മഹത്തായ സംഭാവനകളെ അവര്‍ നന്ദിയോടെ ഓര്‍ക്കുകയും ചെയ്യുന്നു. കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍മാരുടെ കൂട്ടത്തിലാണ് താങ്കളുടെ സ്ഥാനം. ക്രിക്കറ്റില്‍ രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ താങ്കള്‍ക്കായി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാറ്റിംഗ് ഇതിഹാസങ്ങളുടെ കൂട്ടത്തിലാണ് ചരിത്രം നിങ്ങളെ രേഖപ്പെടുത്തുക. അതുപോലെ മഹാനായ നായകനും ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളുമായിരുന്നു താങ്കള്‍.

പ്രതിസന്ധിഘട്ടങ്ങളില്‍ രാജ്യം താങ്കളെ ഉറ്റുനോക്കി. മത്സരങ്ങള്‍ ഫിനിഷ് ചെയ്യാനുള്ള താങ്കളുടെ കഴിവ് അപാരമായിരുന്നു. പ്രത്യേകിച്ച് 2011ലെ ലോകകപ്പ് ഫൈനലില്‍. ആ നേട്ടം തലമുറകളോളം ഓര്‍ത്തിരിക്കും. പക്ഷെ അപ്പോഴും മഹേന്ദ്ര സിംഗ് ധോണിയെന്ന പേര് കണക്കുകളുടെ അടിസ്ഥാനത്തിലോ മത്സരങ്ങള്‍ ജയിപ്പിച്ചതിന്റെ പേരിലോ മാത്രമല്ല ഓര്‍മിക്കപ്പെടുക. കാരണം താങ്കളെ വെറുമൊരു കായികതാരമായി മാത്രം കാണുന്നത് നീതികേടായിരിക്കും.


ജനങ്ങൾക്കിടയിൽ താങ്കൾ ചെലുത്തിയ സ്വാധീനത്തെ വിലയിരുത്തിയാൽ ഐതിഹാസികം എന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും. ചെറിയൊരു പട്ടണത്തിൽനിന്ന് ലളിതമായി തുടങ്ങിയ താങ്കളുടെ വളർച്ച, പിന്നീട് ദേശീയ തലത്തിലും രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന തലത്തിലും എത്തിയത് വിസ്മയമാണ്. താങ്കളുടെ ഉയർച്ചയും അവിടെ താങ്കൾ പ്രകടിപ്പിച്ച അച്ചടക്കവും രാജ്യത്തെ കോടിക്കണക്കിന് യുവാക്കൾക്ക് പ്രചോദനമാണ്. മികച്ച സ്കൂളുകളിലും കോളജുകളിലും പഠിക്കാൻ അവസരം ലഭിക്കാത്ത, സമ്പന്നമായ കുടുംബ പശ്ചാത്തലമില്ലാത്ത കഴിവുറ്റ യുവാക്കൾക്ക് ഉയരങ്ങളിലേക്ക് കുതിക്കാൻ താങ്കൾ തീർച്ചയായും പ്രചോദനമാണ്.

നമ്മള്‍ എവിടെ നിന്നു വന്നു എന്നതല്ല പ്രധാനം, നമ്മള്‍ എവിടെയെത്തി എന്നതാണ്. കുടുംബവേരുകളും പേരും ആരെയും തുണയ്ക്കാത്ത, സ്വന്തം കഴിവും അധ്വാനവും ഓരോരുത്തരുടെയും വിധി നിർണയിക്കുന്ന പുതിയ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു അടയാളമാണ് താങ്കളെന്ന് ഞാൻ കരുതുന്നു. കളിക്കളത്തിൽ താങ്കളുമായി ബന്ധപ്പെട്ട അവിസ്മരണമായ ഒട്ടെറെ നിമിഷങ്ങളുണ്ട്. അതെല്ലാം ഇന്ത്യയിലെ പുതിയ തലമുറയുടെ സവിശേഷതകളെ അതേപടി എടുത്തുകാട്ടുന്നതാണ്. ജീവിതത്തിൽ വെല്ലുവിളികള്‍ എറ്റെടുക്കാൻ മടിക്കാത്ത തലമുറയുടെ പ്രതിനിധിയാണ് താങ്കൾ. പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം പിന്തുണച്ചു മുന്നോട്ടുപോകാനുള്ള സന്ദേശം താങ്കളുടെ കരിയർ നൽകുന്നുണ്ട്.

ഏറ്റവും സമ്മർദ്ദമേറിയ ഘട്ടങ്ങളിൽ പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ യുവതാരങ്ങൾക്ക് താങ്കൾ നൽകിയ പ്രചോദനം ഇവിടെ ഓർമിക്കുന്നു. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പ് ഫൈനൽ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ പതറുന്നവരല്ല ഈ തലമുറയിലെ യുവാക്കൾ. താങ്കളുടെ ഒട്ടേറെ ഇന്നിംഗ്സുകളിൽ അതിന്റെ ഉദാഹരണങ്ങൾ കണ്ടു. പ്രതികൂല സാഹചര്യങ്ങളിൽ സമചിത്തതത കൈവെടിയുന്നവരല്ല നമ്മുടെ യുവാക്കൾ. താങ്കള്‍ നയിച്ച ടീമിന്റെ കാര്യത്തിലെന്ന പോലെ ഇത്തരം സന്ദർഭങ്ങളിൽ അവർ പ്രകടിപ്പിക്കുന്ന നിർഭയത്വം ശ്രദ്ധേയം. ഹെയർസ്റ്റൈൽ ഏതുമാകട്ടെ, തോൽവിയിലും വിജയത്തിലും താങ്കളുടെ ശിരസ് ശാന്തമായിരുന്നു. അതും എല്ലാ യുവാക്കൾക്കും വലിയൊരു പാഠമാണ്.


ഇന്ത്യന്‍ സായുധ സേനയുമായുള്ള താങ്കളുടെ സഹകരണത്തെക്കുറിച്ചും ഞാൻ  എടുത്തുപറയാൻ ആഗ്രഹിക്കുന്നു. നമ്മുടെ സൈനികർക്കിടയിൽ ഏറ്റവും സന്തോഷവാനായ വ്യക്തി താങ്കളായിരുന്നു. സൈനികരുടെ ക്ഷേമത്തിന് താങ്കൾ നൽകുന്ന പ്രാധാന്യവും എടുത്തുപറയണം. ഇനി സാക്ഷിക്കും സിവയ്ക്കും താങ്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിയുമെന്ന് കരുതുന്നു. അവരെയും എന്റെ ആശംസകൾ അറിയിക്കുക. കാരണം, അവരുടെ സഹനവും സഹകരണവും ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. വ്യക്തിജീവിതവും പ്രഫഷനും എങ്ങനെ സുന്ദരമായി സംയോജിപ്പിക്കാം എന്ന കാര്യത്തിലും താങ്കൾ നമ്മുടെ യുവതയ്ക്ക് മാതൃകയാണ്. ഏതോ ഒരു ടൂർണമെന്റിൽ എല്ലാവരും വിജയാഹ്ളാദത്തിൽ മുഴുകിനിൽക്കുമ്പോളും താങ്കൾ മകളോടൊപ്പം കളിച്ചുല്ലസിക്കുന്ന ആ ചിത്രം ഞാൻ ഓര്‍മിക്കുന്നു. അതാണ് വിന്റേജ് ധോണി. താങ്കളുടെ ഭാവി പരിപാടികൾക്ക് എല്ലാ ആശംസകളും നേരുന്നു.