അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത് സംബന്ധിച്ച് അവ്യക്തതയും സമ്മര്‍ദ്ദവും പിടികൂടിയപ്പോള്‍ വിരാട് കോലിയുമായുള്ള സംഭാഷണമാണ് ഉചിതമായ തീരുമാനമെടുക്കാന്‍ തന്നെ പ്രാപ്‌തനാക്കിയതെന്ന് മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്‌റ്റന്‍ കെയ്‌ന്‍ വില്യംസണ്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത് സംബന്ധിച്ച് അവ്യക്തതയും സമ്മര്‍ദ്ദവും പിടികൂടിയപ്പോള്‍ വിരാട് കോലിയുമായുള്ള സംഭാഷണമാണ് ഉചിതമായ തീരുമാനമെടുക്കാന്‍ തന്നെ പ്രാപ്‌തനാക്കിയതെന്ന് മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്‌റ്റന്‍ കെയ്‌ന്‍ വില്യംസണ്‍.ദ ഐ സി സി റിവ്യൂ അഭിമുഖത്തില്‍ നാസര്‍ ഹുസൈനോടും ബിറ്റ് വീന്‍ ടു ബിയേഴ്‌സ് പോഡ്‌കാസ്‌റ്റിലുമാണ് വില്യംസണ്‍ തന്റെ വിരമിക്കല്‍ തീരുമാനത്തിന് പിറകിലെ സംഭവ വികാസങ്ങള്‍ വെളിപ്പെടുത്തിയത്.
അണ്ടര്‍ 19 കാലം മുതല്‍ വിരാട് കോലിയെ അറിയുന്ന കെയിന്‍ വില്യംസണ് വിരമിക്കല്‍ തീരുമാനം സംബന്ധിച്ച് കോലിയുമായി സംസാരിച്ചത് വലിയ അനുഭവമായിരുന്നു. കണ്ണാടിയില്‍ നോക്കുന്നത് പോലെയാണ് അനുഭവപ്പെട്ടതെന്ന് കിവീസ് താരം പറയുന്നു. 2024 ല്‍ ടി20 ക്രിക്കറ്റില്‍ നിന്നും 2025 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച കോലിക്ക് കളിയില്‍ നിന്ന് പടിയിറങ്ങുമ്പോഴുള്ള മാനസികാവസ്ഥയും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലെ വൈകാരികതയും സമ്മര്‍ദ്ദവും കൃത്യമായി അറിയാമായിരുന്നു. അതേ സാഹചര്യത്തിലൂടെ കടന്നു പോകേണ്ടി വന്നപ്പോളാണ് കെയിന്‍ വില്യംസണ്‍ വിരാട് കോലിയോട സംസാരിക്കാന്‍ തീരുമാനിച്ചത്.
സഹതാരങ്ങള്‍ക്ക് പോലും താന്‍ കടന്നുപോകുന്ന സാഹചര്യം മനസിലാക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, വിരാട് കോലിയുമായി ഉള്ളുതുറന്ന് സംസാരിച്ചപ്പോള്‍ തനിക്ക് വിരമിക്കാനുള്ള സമയമായെന്ന് ബോധ്യപ്പെട്ടു. ഫോണ്‍ സംഭാഷണം കഴിഞ്ഞ ഉടനെ തന്നെ വിരമിക്കല്‍ തീരുമാനത്തിലെത്തിയെന്നും വില്യംസണ്‍ വ്യക്തമാക്കി.
കഴിഞ്ഞ ജൂണില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരക്കിടെയാണ് വില്യംസണ്‍ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചത്. പതിനാറ് വര്‍ഷം നീണ്ട കരിയറില്‍ ടെസ്റ്റില്‍ 10000 റണ്‍സിനരികില്‍ വെച്ചാണ് വില്യംസണ്‍ വിരമിക്കുന്നത്. 33 ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ വില്യംസണ്‍ 9515 റണ്‍സുമായി ന്യൂസിലാന്‍ഡിന്റെ എക്കാലത്തേയും ലീഡിംഗ് ടെസ്റ്റ് സ്‌കോറര്‍ ആണ്. ആധുനിക ക്രിക്കറ്റില്‍ വിരാട് കോലി, സ്‌റ്റീവ് സ്‌മിത്ത്, ജോറ റൂട്ട് എന്നിവര്‍ക്കൊപ്പം ഫാബ് ഫോറില്‍ ഉള്‍പ്പെടുന്ന താരമാണ് കെയിന്‍ വില്യംസണ്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/0QMlfUjUVzk?si=WcgK_nsTCE3rYMoP














