ദക്ഷിണാഫ്രിക്കയുടെ ഈ വമ്പൻ വിജയം ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകളെ കൂടുതൽ എളുപ്പമാക്കി. പ്രധാനമായും നെറ്റ് റൺറേറ്റിന്‍റെ സങ്കീർണ്ണമായ കണക്കുകളിൽ നിന്ന് ഇന്ത്യക്ക് തൽക്കാല ആശ്വാസം ലഭിച്ചു.
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ 9 വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക സെമി ഉറപ്പിച്ചപ്പോള്‍ ഇന്ത്യക്ക് കൂടിയാണ് ശ്വാസം നേരേ വീണത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം വെറും 16.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നത്. ക്യാപ്റ്റൻ എയ്ഡൻ മാർക്രം മുന്നിൽ നിന്ന് നയിച്ചപ്പോൾ വിൻഡീസ് ബൗളർമാർ കാഴ്ചക്കാരായി. 46 പന്തിൽ നിന്ന് 82 റൺസാണ് (7 ഫോർ, 4 സിക്സ്) മാർക്രം അടിച്ചുകൂട്ടിയത്. ഓപ്പണർ ക്വിന്റൺ ഡി കോക്ക് 24 പന്തിൽ 47 റൺസെടുത്തു. മൂന്നാം നമ്പറിലെത്തിയ റയാൻ റിക്കൽറ്റൺ 45 റൺസുമായി പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്കയുടെ ഈ വമ്പൻ വിജയം ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകളെ കൂടുതൽ എളുപ്പമാക്കി. പ്രധാനമായും നെറ്റ് റൺറേറ്റിന്‍റെ സങ്കീർണ്ണമായ കണക്കുകളിൽ നിന്ന് ഇന്ത്യക്ക് തൽക്കാല ആശ്വാസം ലഭിച്ചു. സിംബാബ്‌വെക്കെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും നടക്കാനിരിക്കുന്ന ബാക്കി രണ്ട് മത്സരങ്ങളിലും ജയിക്കുകയാണെങ്കിൽ മറ്റ് ടീമുകളുടെ ഫലത്തെയോ റൺറേറ്റിനെയോ ആശ്രയിക്കാതെ ഇന്ത്യക്കിനി നേരിട്ട് സെമിയിലെത്താം.
ഇന്ന് ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ സിംബാബ്‌വെയോട് പരാജയപ്പെട്ടാലും ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിക്കില്ല. കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ വൻ മാർജിനിൽ തോല്‍പ്പിക്കുകയും, ദക്ഷിണാഫ്രിക്ക സിംബാബ്‌വെയെ തോൽപ്പിക്കുകയും ചെയ്താലും ഇന്ത്യക്ക് സെമിയിലേക്കുള്ള വഴി തുറക്കും പക്ഷെ നെറ്റ് റൺറേറ്റ് അപ്പോള്‍ നിർണ്ണായകമാകും. എന്നാല്‍ വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യ തോൽക്കുകയോ, സിംബാബ്‌വെ തങ്ങളുടെ ബാക്കി രണ്ട് മത്സരങ്ങളിലും ജയിക്കുകയോ ചെയ്താൽ ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്താകും. ചുരുക്കത്തിൽ, ദക്ഷിണാഫ്രിക്ക വിൻഡീസിനെ തകർത്തതോടെ ഇന്ത്യയുടെ മുന്നിലെ ലക്ഷ്യം വ്യക്തമാണ്. റൺറേറ്റിന്‍റെ കൂട്ടലോ കിഴിക്കലോ ഇല്ലാതെ അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാൽ ഇന്ത്യക്ക് സെമി ഫൈനൽ ഉറപ്പിക്കാം.
ദക്ഷിണാഫ്രിക്കക്കെതിരെ വമ്പന്‍ തോല്‍വിയോടെ വെസ്റ്റ് ഇന്‍ഡീസിന്‍റെ നെറ്റ് റണ്‍റേറ്റ് അഞ്ചില്‍ നിന്ന് +1.791 ആയി കുത്തനെ ഇടിഞ്ഞതും ഇന്ത്യക്ക് അനുകൂലമാണ്. ദക്ഷിണാഫ്രിക്ക +2.890 നെറ്റ് റണ്‍റേറ്റുമായി ഒന്നാം സ്ഥാനം ഏകദേശം ഉറപ്പിച്ചിട്ടുണ്ട്.
