മത്സരങ്ങളിൽ ബൗളർമാരെ നിസഹായരാക്കുന്ന നിലവിലെ 'ഇംപാക്റ്റ് പ്ലെയർ' നിയമം ഐപിഎല്ലിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്നാണ് സച്ചിന്‍റെ ആദ്യ നിര്‍ദേശം.
മുംബൈ: ഈ സീസണിലെ ഐപിഎല്ലിൽ ടീമുകളുടെ ശരാശരി റൺറേറ്റ് 10-ന് മുകളിലേക്ക് കുതിക്കുകയും 220-ന് മുകളിലുള്ള സ്കോറുകൾ പോലും സുരക്ഷിതമല്ലാതാവുകയും ചെയ്ത പശ്ചാത്തലത്തിൽ, ടി20 ക്രിക്കറ്റിന്‍റെ ഘടന തന്നെ മാറ്റിയെഴുതാവുന്ന നിർദ്ദേശങ്ങളുമായി ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ബാറ്റർമാരും ബൗളർമാരും സന്തുലനം ഉറപ്പുവരുത്താനായി വിപ്ലവകരമായ മൂന്ന് പരിഷ്കാരങ്ങളാണ് സച്ചിൻ മുന്നോട്ട് വെച്ചിരിക്കുന്നത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഫൈനൽ പോരാട്ടത്തിന് തൊട്ടുമുമ്പ് മുംബൈയിൽ നടന്ന 'ഇഎസ്പിഎൻ ക്രിക്ഇൻഫോ' അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവെയാണ് ടി20 ക്രിക്കറ്റിനെ മാറ്റിമറിക്കാനിടയുള്ള പരിഷ്കാരങ്ങള്‍ സച്ചിന്‍ മുന്നോട്ടുവെച്ചത്.
മത്സരങ്ങളിൽ ബൗളർമാരെ നിസഹായരാക്കുന്ന നിലവിലെ 'ഇംപാക്റ്റ് പ്ലെയർ' നിയമം ഐപിഎല്ലിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്നാണ് സച്ചിന്‍റെ ആദ്യ നിര്‍ദേശം. വ്യക്തിപരമായ താൽപര്യത്തിൽ പറയുകയാണെങ്കിൽ ഇംപാക്റ്റ് പ്ലെയർ നിയമം ഇനി ഉണ്ടാകരുത്. ഒരു ടി20 ഫോർമാറ്റിൽ ആകെ 20 ഓവർ മാത്രമാണ് ഉള്ളത്. അതിലേക്ക് ഒരു ബാറ്ററെക്കൂടി അധികമായി ചേർക്കുമ്പോൾ കളിയിലെ സന്തുലനം തെറ്റുന്നു. ബൗളർമാർ ഇതിനകം തന്നെ വലിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ ഈ നിയമം വലിയ അസന്തുലിതാവസ്ഥയാണ് ഉണ്ടാക്കുന്നതെന്ന് സച്ചിൻ വ്യക്തമാക്കി. 2023-ൽ ബിസിസിഐ കൊണ്ടുവന്ന ഈ നിയമം ബൗളർമാരുടെ സ്വാധീനം കുറച്ചുവെന്ന് രോഹിത് ശർമ്മ, വിരാട് കോലി തുടങ്ങിയ മുതിർന്ന താരങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു.
ബാറ്ററുടെ ഏകപക്ഷീയമായ ആക്രമണം തടയാൻ നിലവിലെ 6 ഓവർ പവർപ്ലേ രണ്ട് ഭാഗമാക്കണമെന്നാണ് സച്ചിന്‍റെ രണ്ടാമത്തെ നിർദ്ദേശം. ആദ്യ നാലോവര്‍ ബാറ്റിംഗ് പവർപ്ലേ കഴിഞ്ഞാൽ പിന്നീടുള്ള രണ്ടോവര്‍ എപ്പോള്‍ വേണമെങ്കിലും ഫീല്‍ഡിംഗ് ടീമിന് എടുക്കാനുള്ള അവകാശം എതിര്‍ ടീം ക്യാപ്റ്റന് നല്‍കണം. ബൗളിംഗ് പവര്‍ പ്ലേ ആയ ഈ രണ്ട് ഓവറുകളിലും സർക്കിളിന് പുറത്ത് 2 ഫീൽഡർമാരെ മാത്രമേ അനുവദിക്കൂ. ഇത് കളി കൃത്യമായി നിയന്ത്രിക്കാൻ ബൗളിങ് ടീമിനെ സഹായിക്കുമെന്നും സച്ചിൻ പറഞ്ഞു.
സച്ചിന്റെ മൂന്നാമത്തെ നിർദ്ദേശമാണ് ഏറ്റവും ശ്രദ്ധേയം. നിലവിൽ ഒരു ബൗളർക്ക് പരമാവധി 4 ഓവർ മാത്രമേ എറിയാൻ സാധിക്കൂ എന്ന നിയമം മാറ്റണമെന്നാണ് സച്ചിൻ പറയുന്നത്. ഒരു ടീമിലെ ഏറ്റവും മികച്ച ബൗളർക്ക് 5 ഓവർ എറിയാൻ അനുവാദം നൽകണം. കാരണം, ടീമിലെ ഏറ്റവും മികച്ച ബൗളർ കൂടുതൽ ഓവറുകൾ എറിയുന്നത് കാണാനല്ലേ നമ്മൾ ആഗ്രഹിക്കുന്നത്? മികച്ച ബാറ്റർമാർക്ക് 20 ഓവർ വരെ ബാറ്റ് ചെയ്യാമെങ്കില്‍ മികച്ച ബൗളർക്ക് എന്തുകൊണ്ട് 5 ഓവർ നൽകിക്കൂടാ എന്നും സച്ചിന്‍ ചോദിച്ചു. ഐപിഎല്ലിൽ ടീമുകൾ 200-ലധികം റൺസ് അനാായസം അടിച്ചെടുക്കുകയും ബൗളർമാർ കാഴ്ചക്കാരാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സച്ചിൻ ഉയർത്തിയ ഈ നിര്‍ദേശങ്ങള്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
