എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ ബ്രിട്ടണില്‍ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. വനിതാ ടീമിന്റെ മത്സരങ്ങളും രണ്ടാം ഡിവിഷന്‍ ലീഗുകളിലെ മത്സരങ്ങളും മാറ്റിവച്ചിട്ടുണ്ട്.
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഈയാഴ്ച നടക്കേണ്ട പത്ത് മത്സരങ്ങളും മാറ്റിവച്ചു. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ ബ്രിട്ടണില്‍ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. വനിതാ ടീമിന്റെ മത്സരങ്ങളും രണ്ടാം ഡിവിഷന്‍ ലീഗുകളിലെ മത്സരങ്ങളും മാറ്റിവച്ചിട്ടുണ്ട്. അയര്‍ലന്‍ഡ് ലീഗിലും സ്‌കോട്ടിഷ് ലീഗിലും ഈയാഴ്ച മത്സരങ്ങള്‍ നടക്കില്ല. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയടക്കമുള്ള താരങ്ങളും വിവിധ ക്ലബ്ബുകളും എലിസബത്ത് മരണത്തില്‍ രാജ്ഞിയുടെ അനുശോചനം അറിയിച്ചു.
ബാഴ്‌സ ഇന്നിറങ്ങും
സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ബാഴ്‌സലോണ ഇന്ന് അഞ്ചാംറൗണ്ട് മത്സരത്തിന് ഇറങ്ങും. രാത്രി പത്തിന് തുടങ്ങുന്ന മത്സരത്തില്‍ കാഡിസ് ആണ് എതിരാളികള്‍. ക്യാംപ്നൗവിലാണ് മത്സരം. ലീഗില്‍ തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് ബാഴ്‌സലോണ ഇറങ്ങുക. നിലവില്‍ സ്പാനിഷ് ലീഗില്‍ നാല് കളിയില്‍ 10 പോയിന്റുമായി റയലിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ. മറ്റ് മത്സരങ്ങളില്‍
സെവിയ്യ, എസ്പാന്യോളിനെയും വലന്‍സിയ, റയോ വയേക്കാനോയെയും വയ്യാഡോളിഡ്, ജിറോണയെയും നേരിടും.
പിഎസ്ജി ഇന്ന് ഏഴാം മത്സരത്തിന്
ഫ്രഞ്ച് ലീഗില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്താന്‍ പിഎസ്ജി ഇന്നിറങ്ങും. ഏഴാം റൗണ്ട് മത്സരത്തില്‍ ബ്രസ്റ്റ് ആണ് എതിരാളികള്‍. രാത്രി എട്ടരയ്ക്കാണ് മത്സരം. ലിയോണല്‍ മെസി, നെയ്മര്‍, എംബപ്പെ ത്രയം ഇന്ന് ആദ്യ ഇലവനില്‍ തന്നെയുണ്ടാകും. നിലവില്‍ ആറ് കളിയില്‍ 16 പോയിന്റുമായി ലീഗില്‍ രണ്ടാംസ്ഥാനത്താണ് പിഎസ്ജി. ബ്രസ്റ്റ് പതിനേഴാം സ്ഥാനത്തും.
ബയേണ്‍, സ്റ്റുഡ്ഗാര്‍ട്ടിനെതിരെ
ജര്‍മ്മന്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ ബയേണ്‍ മ്യൂണിക്ക് ഇന്ന് ഇറങ്ങും. വിഎഫ്ബി സ്റ്റുഡ്ഗര്‍ട്ടാണ് എതിരാളികള്‍. വൈകീട്ട് ഏഴ് മണിക്ക് ബയേണ്‍ മൈതാനത്താണ് മത്സരം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബയേണ്‍ സമനില വഴങ്ങിയിരുന്നു. അഞ്ച് കളിയില്‍ 11 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് ബയേണ്‍ മ്യൂണിക്ക്.
