മുംബൈ: എം എസ് ധോണിയെ അനുകരിക്കാന്‍ ശ്രമിച്ച് അനായാസ റണ്ണൗട്ട് നഷ്ടമാക്കി യുവതാരം. മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ മേഘാലയ-മധ്യപ്രദേശ് മത്സരത്തിനിടെയായിരുന്നു രസകരമായ സംഭവം. മേഘാലയ വിക്കറ്റ് കീപ്പറായിരുന്ന പുനീത് ബിഷ്ട് ആണ് ധോണിയെ അനുകരിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടത്.

സഞ്ജയ് യാദവ് എറിഞ്ഞ മത്സരത്തിന്റെ പതിനേഴാം ഓവറില്‍ മധ്യപ്രദേശ് ബാറ്റ്സ്മാനായ രജത് പാട്ടീദാര്‍ പോയന്റിലേക്ക് കട്ട് ചെയ്ത് സിംഗിളെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ പന്ത് പിടിച്ച ഫീല്‍ഡര്‍ നേരെ വിക്കറ്റ് കീപ്പറായ ബിഷ്ടിന് പന്തെറിഞ്ഞുകൊടുത്തു. ഈ സമയം സിംഗിളിനായി പിച്ചിന്റെ നടുവില്‍ എത്തിയിരുന്നു രജത് പാട്ടീദാര്‍. എന്നാല്‍ കൈയില്‍ വന്ന പന്തുകൊണ്ട് ബെയില്‍സിളക്കാതെ തിരിഞ്ഞുപോലും നോക്കാതെ ധോണി സ്റ്റൈലില്‍ പന്ത് വിക്കറ്റിലേക്ക് എറിഞ്ഞ ബിഷ്ടിന് പിഴച്ചു.

പന്ത് വിക്കറ്റില്‍ കൊള്ളാതെ പോയി. ഇതോടെ പാട്ടീദാര്‍ അനായാസം ക്രീസില്‍ തിരിച്ചെത്തുകയും ചെയ്തു. ഈ സമയം 20 പന്തില്‍ 38 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു പാട്ടീദാര്‍. അവസാന ഒമ്പത് പന്തില്‍ 30 റണ്‍സ് കൂടിഅടിച്ചെടുത്തു.  20 ഓവറില്‍ മധ്യപ്രദേശ് അടിച്ചുകൂട്ടിയത് 244 റണ്‍സ്.  മത്സരം മേഘാലയ തോല്‍ക്കുകയും ചെയ്തു.