ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ അടുത്ത ആഴ്ച്ച പുനരാരംഭിക്കും. നിര്‍ത്തിവെച്ച പഞ്ചാബ് കിംഗ്‌സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം വീണ്ടും നടത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

മുംബൈ: ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ അടുത്ത ആഴ്ച്ച പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് ബിസിസിഐ. അടുത്ത വ്യാഴാഴ്ച്ച ശേഷിക്കുന്ന മത്സരങ്ങള്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തള്‍. ഇന്ത്യയും പാകിസ്ഥാനും പരസ്പരം വെടിനിര്‍ത്തലിന് സമ്മതിച്ചതിനെ തുടര്‍ന്നാണ് ടൂര്‍ണമെന്റ് വീണ്ടും ആരംഭിക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച പഞ്ചാബ് കിംഗ്‌സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് ടൂര്‍ണമെന്റ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.

പഞ്ചാബ് 10.1 ഓവറില്‍ ഒന്നിന് 122 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മത്സരം നിര്‍ത്തിവെക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം ചേര്‍ന്ന യോഗത്തിന് ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തു. ടൂര്‍ണമെന്റ് പുനരാരംഭിക്കുമ്പോള്‍ എവിടെ നിന്ന് തുടങ്ങുമെന്നുള്ള കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുമോ, അതോ മാച്ച് തുടക്കം മുതല്‍ ആരംഭിക്കുമോ എന്നുള്ളതാണ് പ്രധാന ആശയക്കുഴപ്പം. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് മത്സരം വീണ്ടും നടത്തിയേക്കുമെന്നാണ്.

മത്സരത്തില്‍ പഞ്ചാബിന്റെ ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിംഗും വീണ്ടും മിന്നുന്ന പ്രകടനം പുറത്തെടുത്തിരുന്നു. വെറും 34 പന്തില്‍ അഞ്ച് ബൗണ്ടറികളും ആറ് സിക്‌സറുകളും ഉള്‍പ്പെടെ 70 റണ്‍സ് നേടിയ പ്രിയാന്‍ഷിന്റെ ഇന്നിംഗ്‌സ് മികച്ചതായിരുന്നു. പ്രഭ്‌സിമ്രാന്റെ ഇന്നിംഗ്‌സും ചേര്‍ന്നതോടെ 122 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. നിലവില്‍ മത്സരത്തിന് ഫലമില്ലെന്നാണ് ഐപിഎല്ലിന്റെ ഔദ്യോഗിക സൈറ്റില്‍ കാണിച്ചിരിക്കുന്നത്.

11 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പഞ്ചാബ് 15 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു. അതേസമയം ഡല്‍ഹിക്ക് 13 പോയിന്റുണ്ട്. അഞ്ചാം സ്ഥാനത്താണ് അവര്‍. ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് വിജയിച്ചാല്‍ പ്ലേഓഫിലേക്ക് യോഗ്യത നേടും. ടൂര്‍ണമെന്റ് തുടങ്ങാനിരിക്കെ ഇത്തരം ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.

അതേസമയം ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ വേദികളില്‍ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നടത്താന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്. ഈ നാലു നഗരങ്ങളില്‍ മാത്രമായി മത്സരങ്ങള്‍ പരിമിതപ്പെടുത്തി ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനുമാണ് ബിസിസിഐ ആലോചിക്കുന്നത്.