ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിംഗ്‌സിന് ആറ് വിക്കറ്റിന്റെ തകർപ്പൻ ജയം. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ (69*) അപരാജിത ഇന്നിംഗ്‌സിന്റെ മികവിൽ ഹൈദരാബാദ് ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം പഞ്ചാബ് 18.5 ഓവറിൽ മറികടന്നു.
ഛണ്ഡിഗഡ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ് അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദഹരാബാദിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് പഞ്ചാബ് ജയിച്ചത്. ടോസ് നഷ്ടട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 18.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 33 പന്തില്‍ 69 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ വിജയ ശില്‍പി. പ്രിയാന്‍ഷ് ആര്യ (20 പന്തില്‍ 57), പ്രബ്‌സിമ്രാന്‍ സിംഗ് (25 പന്തില്‍ 51) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ആര്യ - പ്രഭ്‌സിമ്രാന്‍ സഖ്യം നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 99 റണ്‍സ് ചേര്‍ത്തു. 6.2 ഓവറിലായിരുന്നു ഇത്രയും റണ്‍സ്. ഏഴാം ഓവറില്‍ ആര്യ മടങ്ങി. അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നാലെ ഒമ്പതാം ഓവറില്‍ പ്രഭ്‌സിമ്രാനും പവലിയനില്‍ തിരിച്ചെത്തി. ഇരുവരേയും ശിവാംഗ് കുമാറാണ് മടക്കിയത്. തുടര്‍ന്ന് കൂപ്പര്‍ കൊനോലി (11) കൂടി മടങ്ങിയതോടെ മൂന്നിന് 128 എന്ന നിലയിലായി പഞ്ചാബ്. എന്നാല്‍ നെഹല്‍ വധേരയ്‌ക്കൊപ്പം 69 റണ്‍സ് ചേര്‍ത്ത് ശ്രേയസ് പഞ്ചാബിനെ മുന്നോട്ട് നയിച്ചു. വിജയത്തിനരികെ വധേര (14) വീണെങ്കിലും. ശശാങ്ക് സിംഗിനെ (16) കൂട്ടുപിടിച്ച് ശ്രേയസ്, പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്‌സ്.
നേരത്തെ അഭിഷേക് ശര്‍മയുടെ (28 പന്തില്‍ 74) ഇന്നിംഗ്‌സാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ട്രാവിസ് ഹെഡിനൊപ്പം 120 റണ്‍സാണ് അഭിഷേക് ചേര്‍ത്തത്. എന്നാല്‍ ഒമ്പതാം ഓവറിലെ ആദ്യ പന്തില്‍ ഹെഡ് മടങ്ങി. 23 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും അഞ്ച് ഫോറും നേടി. ഇരുവരും നല്‍കിയ തുടക്കം പഞ്ചാബിന് മുതലാക്കാന്‍ സാധിച്ചില്ലെന്നുള്ളതാണ് വാസ്തവം. അതേ, ഓവറില്‍ അഭിഷേക് കൂടി മടങ്ങിയിരുന്നു. ശശാങ്ക് സിംഗാണ് ഇരുവരേയും മടക്കിയത്. എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.
തുടര്‍ന്ന് ഇഷാന്‍ കിഷന്‍ 17 പന്തില്‍ 27 റണ്‍സെടുത്ത് പുറത്തായി. ഹെന്റിച്ച് ക്ലാസന്‍ 39 റണ്‍സ് നേടിയെങ്കിലും 33 പന്തുകള്‍ താരം നേരിട്ടു. ഒരു സിക്‌സും ഫോറും മാത്രമാണ് ക്ലാസന്‍ നേടിയത്. അനികേത് വര്‍മ 18 റണ്‍സെടുത്ത് മടങ്ങി. സലില്‍ അറോറയാണ് (9) പുറത്തായ മറ്റൊരു. അവസാന ഓവറുകളില്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കാതിരുന്നത് ഹൈദരാബാദിന് തിരിച്ചടിയായി. നിതീഷ് കുമാര്‍ റെഡ്ഡി (0), ഹര്‍ഷ് ദുബെ (1) എന്നിവര്‍ പുറത്താവാതെ നിന്നു.
