കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിനെതിരെ പഞ്ചാബ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി. കേരളത്തിന്റെ 255 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബ്, സൗരിഷ് സന്‍വാളിന്റെ (98) മികവില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 273 റണ്‍സെടുത്തു.
വയനാട്: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിനെതിരെ പഞ്ചാബ് മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 273 റണ്‍സെന്ന നിലയിലാണ് പഞ്ചാബ്. പഞ്ചാബിന് ഇപ്പോള്‍ 18 റണ്‍സിന്റെ ലീഡുണ്ട്. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 255 റണ്‍സിന് അവസാനിച്ചിരുന്നു. ഏഴ് വിക്കറ്റിന് 229 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം കളി തുടങ്ങിയ കേരളത്തിന് 26 റണ്‍സ് കൂടി മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. കളി തുടങ്ങി ഉടന്‍ തന്നെ ജോബിന്‍ ജോബിയുടെ വിക്കറ്റ് നഷ്ടമായി.
31 റണ്‍സാണ് ജോബിന്‍ നേടിയത്. ക്യാപ്റ്റന്‍ മാനവ് കൃഷ്ണയുടെ ചെറുത്തുനില്‍പ്പാണ് കേരളത്തിന്റെ സ്‌കോര്‍ 255 വരെയെത്തിച്ചത്. മാനവ് 47 റണ്‍സ് നേടി. നിഹിലേശ്വര്‍ നാല് റണ്‍സുമായി പുറത്താകാതെ നിന്നു. പഞ്ചാബിന് വേണ്ടി അധിരാജ് സിങ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. കണ്‍വര്‍ബീര്‍ സിങ് മൂന്നും സക്ഷേയ രണ്ട് വിക്കറ്റുകളും നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് ഓപ്പണര്‍മാര്‍ വേഗത്തിലുള്ള തുടക്കമാണ് നല്‍കിയത്. പക്ഷേ 19 പന്തുകളില്‍ 22 റണ്‍സെടുത്ത ഓപ്പണര്‍ സാഗര്‍ വിര്‍ക്കിനെ നിഹിലേശ്വര്‍ പുറത്താക്കി.
തുടര്‍ന്നെത്തിയ തന്മയ് ധര്‍ണിയെ അമയ് മനോജും പുറത്താക്കിയെങ്കിലും മറുവശത്ത് ഉറച്ചുനിന്ന ഓപ്പണര്‍ സൗരിഷ് സന്‍വാള്‍ അനായാസം ഇന്നിങ്സ് മുന്നോട്ടു നീക്കി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സൗരിഷ് 105 പന്തുകളില്‍ നിന്ന് 20 ബൗണ്ടറിയും ഒരു സിക്‌സും അടക്കം 98 റണ്‍സ് നേടി. ഹൃഷികേശിന്റെ പന്തില്‍ തോമസ് മാത്യു ക്യാച്ചെടുത്താണ് സെഞ്ച്വറിക്കരികെ സൗരിഷ് പുറത്തായത്.
തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ആര്യന്‍ യാദവ് 29ഉം വേദാന്ത് സിങ് ചൗഹാന്‍ 46ഉം റണ്‍സ് നേടി. കളി നിര്‍ത്തുമ്പോള്‍ അര്‍ജന്‍ രാജ്പുത് 46ഉം ശിവെന്‍ സേത്ത് നാലും റണ്‍സുമായി ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി നിഹിലേശ്വര്‍, ജോബിന്‍ ജോബി, തോമസ് മാത്യു, അമയ് മനോജ്, ഹൃഷികേശ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.



