ധരംശാലയില്‍ അഞ്ച് മത്സരങ്ങള്‍ അനുവദിച്ചിട്ടും പഞ്ചാബിന് ഒരു മത്സരം പോലും അനുവദിക്കാതിരുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമായാണെന്ന് പ‍ഞ്ചാബ് കായിക മന്ത്രി ഗുര്‍മീത് സിംഗ് പറഞ്ഞു. ലോകകപ്പ് വേദികള്‍ അനുവദിച്ചപ്പോള്‍ തിരുവനന്തപുരത്ത് സന്നാഹമത്സരങ്ങള്‍ മാത്രം അനുവദിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയും ഇന്നലെ രംഗത്തുവന്നിരുന്നു.

ചണ്ഡീഗഡ്: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള വേദികള്‍ ഐസിസി ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ പല പ്രമുഖ വേദികളും ഇടം പിടിക്കാതിരുന്നത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഇന്ത്യയില്‍ മുമ്പ് ലോകകപ്പ് നടന്നപ്പോഴെല്ലാം വേദികളായിട്ടുള്ള പഞ്ചാബിലെ മൊഹാലിയും ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടിരുന്നു. ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരവും ഫൈനലും ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരവുമെല്ലാം അഹമ്മദാബാദില്‍ നടക്കുമ്പോള്‍ മൊഹാലിയുടെ തൊട്ടടുത്ത വേദിയായ ധരംശാലയില്‍ അഞ്ച് മത്സരങ്ങളുണ്ട്.

ധരംശാലയില്‍ അഞ്ച് മത്സരങ്ങള്‍ അനുവദിച്ചിട്ടും പഞ്ചാബിന് ഒരു മത്സരം പോലും അനുവദിക്കാതിരുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമായാണെന്ന് പ‍ഞ്ചാബ് കായിക മന്ത്രി ഗുര്‍മീത് സിംഗ് പറഞ്ഞു. ലോകകപ്പ് വേദികള്‍ അനുവദിച്ചപ്പോള്‍ തിരുവനന്തപുരത്ത് സന്നാഹമത്സരങ്ങള്‍ മാത്രം അനുവദിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയും ഇന്നലെ രംഗത്തുവന്നിരുന്നു.

ലോകകപ്പ് വേദികളില്‍ ചെന്നൈ, ഡല്‍ഹി, പൂനെ, ബെംഗലൂരു തുടങ്ങിയ വേദികളിലെല്ലാം അഞ്ച് മത്സരങ്ങള്‍ വീതം നടക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ പ്രമുഖ വേദികളായ ഇന്‍ഡോര്‍ മൊഹാലി, റാഞ്ചി എന്നിവിടങ്ങളില്‍ ഒറ്റ മത്സരം പോലുമില്ല. ലോകകപ്പിന് മുന്നോടിയായി സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ നടക്കുന്ന സന്നാഹ മത്സരങ്ങളുടെ വേദികളായി തിരുവനന്തപുരം, ഗുവാഹത്തി, ഹൈദരാബാദ് എന്നീ വേദികള്‍ ഇടം പിടിച്ചു. ഇന്ത്യയുടെ ഒരു സന്നാഹ മത്സരം ഉള്‍പ്പെടെ നാലു സന്നാഹ മത്സരങ്ങള്‍ക്കാവും തിരുവനന്തപുരം വേദിയാവുക.

ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ മത്സരക്രമമായി; തിരുവനന്തപുരത്ത് ഇന്ത്യയുടേത് ഉള്‍പ്പെടെ 4 മത്സരങ്ങള്‍

ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പ് 10 വേദികളിലായിട്ടാണ് നടക്കുക. അഹമ്മദാബാദ്, മുംബൈ, കൊല്‍ക്കത്ത എന്നിവര്‍ക്ക് പുറമെ ചെന്നൈ, ധരംശാല, ഡല്‍ഹി, ഹൈദരാബാദ്, ലഖ്‌നൗ, പൂനെ, ബംഗളൂരു നഗരങ്ങളാണ് ലോകകപ്പ് വേദികളാകുന്നത്. പൂനെയില്‍ പോലും അഞ്ച് മത്സരങ്ങള്‍ നടക്കുമ്പോള്‍ മൊഹാലിയില്‍ ഒരു മത്സരംപോലും ഇല്ലാത്തത് ആരാധകരെയും നിരാശരാക്കിയിട്ടുണ്ട്.