അഫ്ഗാനിസ്ഥാനെതിരായ സന്നാഹ മത്സരം ഒഴിവാക്കണമെന്ന പാക്കിസ്ഥാന്‍റെ ആവശ്യം ഐസിസി അംഗീകരിച്ചു. ഏഷ്യന്‍ ടീമുകളല്ലാത്ത ടീമുമായി സന്നാഹ മത്സരം വേണമെന്നായിരുന്നു പാക്കിസ്ഥാന്‍റെ ആവശ്യം.

മുംബൈ: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരങ്ങളുടെ മത്സരക്രമം പുറത്തുവന്നു. ലോകകപ്പ് വേദി നഷ്ടമായതിന്‍റെ നിരാശയുണ്ടെങ്കിലും തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നാലു സന്നാഹ മത്സരങ്ങള്‍ക്ക് വേദിയാവും. ഇന്ത്യയുടെ മത്സരവും ഇതിലുണ്ട്.

സെപ്റ്റംബര്‍ 29 മതുല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ നടക്കുക. സെപ്റ്റംബര്‍ 30ന് ഇംഗ്ലണ്ടിനെതിരെ ഗുവാഹത്തിയിലാണ് ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം. യോഗ്യതാ മത്സരം ജയിച്ചെത്തുന്ന ടീമുമായി ഒക്ടോബര്‍ മൂന്നിന് ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുക. ഇന്ത്യക്ക് പുറമെ ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക സന്നാഹ മത്സരത്തിനും ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ സന്നാഹ മത്സരത്തിനും കാര്യവട്ടം വേദിയാവും.

ലോകകപ്പ് മത്സരക്രമം: 'ചില വേദികളില്‍ നാലും അഞ്ചും മത്സരങ്ങള്‍', തിരുവനന്തപുരത്തെ തഴഞ്ഞതിനെതിരെ ശശി തരൂര്‍

അഫ്ഗാനിസ്ഥാനെതിരായ സന്നാഹ മത്സരം ഒഴിവാക്കണമെന്ന പാക്കിസ്ഥാന്‍റെ ആവശ്യം ഐസിസി അംഗീകരിച്ചു. ഏഷ്യന്‍ ടീമുകളല്ലാത്ത ടീമുമായി സന്നാഹ മത്സരം വേണമെന്നായിരുന്നു പാക്കിസ്ഥാന്‍റെ ആവശ്യം. ഐസിസി പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് പാക്കിസ്ഥാന്‍ സെപ്റ്റംബര്‍ 29ന് ന്യൂസിലന്‍ഡുമായും ഒക്ടോബര്‍ മൂന്നിന് ഓസ്ട്രേലിയയുമായും ഹൈദരാബാദില്‍ സന്നാഹ മത്സരങ്ങള്‍ കളിക്കും.

Scroll to load tweet…

ബംഗ്ലാദേശും ഇംഗ്ലണ്ടും തമ്മിലുള്ള സന്നാഹ മത്സരത്തിന് പുറമെ ബംഗ്ലാദേശ്-യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ടീം, അഫ്ഗാനിസ്ഥാന്‍-യോഗ്യതാ റൗണ്ടില്‍ ജയിച്ചെത്തുന്ന ടീം സന്നാഹ മത്സരങ്ങള്‍ക്കും ഗുവാഹത്തി വേദിയാവും. എല്ലാ ടീമുകള്‍ക്കും ലോകകപ്പിന് മുമ്പ് രണ്ട് സന്നാഹ മത്സരങ്ങള്‍ ഐസിസി ഉറപ്പു വരുത്തിയിട്ടുണ്ട്. ലോകകപ്പിലെ പകല്‍ മത്സരങ്ങള്‍ രാവിലെ 10.30നും പകല്‍-രാത്രി മത്സരങ്ങള്‍ ഉച്ചക്ക് രണ്ട് മണിക്കുമാവും തുടങ്ങുക. ലോകകപ്പില്‍ ഇന്ത്യയുടെ അഞ്ച് മത്സരങ്ങള്‍ ഞായറാഴ്ച നടക്കും. ഒരു മത്സരം ബുധനാഴ്ചയും രണ്ട് മത്സരങ്ങള്‍ വ്യാഴാഴ്ചയും നടക്കുമ്പോള്‍ മറ്റൊരു മത്സരം ശനിയാഴ്ചയാണ്.