തന്‍റെ രണ്ടാം വരവില്‍ ബ്രീറ്റ്സ്കിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ പ്രസിദ്ധ് പിന്നാലെ ഏയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കി ഇരട്ട പ്രഹരമേല്‍പ്പിച്ചു.
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നല്ല തുടക്കത്തിനുശേഷം 47.5 ഓവറില്‍ 267 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 89 പന്തില്‍ 106 റണ്‍സടിച്ച ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ ടെംബാ ബാവുമ 48 റണ്‍സടിച്ചപ്പോള്‍ ഡെവാള്‍ഡ് ബ്രെവിസ് 29ഉം മാത്യു ബ്രെറ്റ്സ്കി 24ഉം റണ്‍സെടുത്തു. ഇന്ത്യക്കായി കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതമെടുത്തു.
ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റിയാന്‍ റിക്കിള്‍ടണെ നഷ്ടമായെ്കിലും രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഡി കോക്കും ബാവുമയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ ശക്തമായ നിലയിലെത്തിച്ചിരുന്നു. ബാവുമ പുറത്തായശേഷം മാത്യു ബ്രീറ്റ്സ്കീയ്ക്കൊപ്പവും മികച്ച കൂട്ടുകെട്ടുണ്ടായിക്കിയ ഡി കോക്ക് ദക്ഷിണാഫ്രിക്കയെ 28 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെന്ന ശക്തമായ നിലയിലെത്തിച്ചെങ്കിലും പ്രസിദ്ധ് കൃഷ്ണയുടെ രണ്ടാം സ്പെല്‍ കളി മാറ്റിമറിച്ചു.
നടുവൊടിച്ച് പ്രസിദ്ധ്
തകര്‍ത്തടിച്ച ഡി കോക്കും നിലയുറപ്പിച്ച ബ്രീറ്റ്സ്കിയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയിരിക്കെയാണ് ആദ്യ മൂന്നോവറില്‍ 29 റണ്‍സ് വഴങ്ങിയ പ്രസിദ്ധ് കൃഷ്ണയെ ക്യാപ്റ്റൻ കെ എല്‍ രാഹുല്‍ വീണ്ടും പന്തെറിയാന്‍ വിളിച്ചത്. തന്‍റെ രണ്ടാം വരവില്‍ ബ്രീറ്റ്സ്കിയെ(29) വിക്കറ്റിന് മുന്നില്‍ കുടുക്കിയ പ്രസിദ്ധ് പിന്നാലെ ഏയ്ഡന്‍ മാര്‍ക്രത്തെ(1) പുറത്താക്കി ഇരട്ട പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ഹര്‍ഷിതിനെ സിക്സിന് പറത്തി ഡി കോക്ക് സെഞ്ചുറി തികച്ചെങ്കിലും ഡി കോക്കിനെയും(89 പന്തില്‍ 106) മടക്കിയ പ്രസിദ്ധ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയിലാക്കി.
കറക്കിയിട്ട് കുല്‍ദീപ്
പ്രസിദ്ധ് നടുവൊടിച്ചതിന് പിന്നാലെ ഡെവാള്‍ഡ് ബ്രെവിസും മാര്‍ക്കോ യാന്‍സനും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 200 കടത്തി പ്രതീക്ഷ നല്‍കി. എന്നാൽ ബ്രെവിസിനെ മടക്കിയ കുല്‍ദീപ് ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കി. പിന്നാലെ മാര്‍ക്കോ യാന്‍സനെ(17)യും കുല്‍ദീപ് മടക്കി. ലുങ്കി എൻഗിഡിയെ(1) വിക്കറ്റിന് മുന്നില്‍ കുടുക്കിയ കുല്‍ദീപ് ദക്ഷിണാഫ്രിക്കയുടെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചു. വാലറ്റത്ത് 15 റണ്‍സെടുത്ത കേശവ് മഹാരാജിന്‍റെ പോരാട്ടം ദക്ഷിണാഫ്രിക്കയെ 268 റണ്‍സിലെത്തിച്ചു.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ടാം മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദറിന് പകരം തിലക് വര്‍മ പ്ലേയിംഗ് ഇലവനിലെത്തി. ദക്ഷിണാഫ്രിക്കയും പ്ലേയിംഗ് ഇലവനില്‍ രണ്ട് മാറ്റം വരുത്തി. റിയാന്‍ റിക്കിള്‍ട്ടണ്‍, ഒട്‌നീല്‍ ബാര്‍ട്ട്മാന്‍ എന്നിവര്‍ ടീമിലെത്തി. ടോണി ഡി സോര്‍സി, നന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.


