ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കും മുമ്പ് കോലി തന്ത്രപൂർവം ഒഴിഞ്ഞുവെന്നാണ് മഞ്ജരേക്കർ പറയുന്നത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കോലി (Virat Kohli) യുഗം അവസാനിച്ചിരിക്കുകയാണ്. ടി20 ക്യാപ്റ്റന്‍സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഏകദിന നായകപദവി നഷ്ടമായ വിരാട് കോലി ടെസ്റ്റിലെ ക്യാപ്റ്റന്‍റെ കുപ്പായവും (Team India Test captain) കഴിഞ്ഞ ദിവസം അഴിച്ചു. ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയാനുള്ള കോലിയുടെ അപ്രതീക്ഷിത തീരുമാനം ഞെട്ടിച്ചെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ (Sanjay Manjrekar). 

'ചെറിയ കാലത്തിനുള്ളിലാണ് വിവിധ ഫോർമാറ്റുകളിലെ നായകപദവികള്‍ കോലി ഒഴിഞ്ഞത്. ടെസ്റ്റ് നായക സ്ഥാനം ഒഴിഞ്ഞതും അപ്രതീക്ഷിതമാണ്. ഒന്നിനും ശേഷം ഒന്നായി എല്ലാ ഫോർമാറ്റില്‍ നിന്നും കോലി നായകസ്ഥാനത്തുനിന്ന് മാറിനില്‍ക്കുന്നത് ഞെട്ടലിനൊപ്പം ആകംക്ഷയുണ്ടാക്കുന്നു. പുറത്താക്കും മുമ്പുള്ള കോലിയുടെ തന്ത്രപരമായ നീക്കമായിരിക്കാം ഇത്. ക്യാപ്റ്റന്‍സി ഭീഷണി നേരിടുമ്പോള്‍ ഒഴിയാന്‍ സന്നദ്ധനായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സാഹചര്യങ്ങളും മാറിയിരിക്കുകയാണ്. കരിയറിലെ മികച്ച ഫോമിലുമല്ല കോലി. ഇതൊക്കെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടാകാം' എന്നും മഞ്ജരേക്കർ ഇഎസ്‍പിഎന്‍ ക്രിക്ഇന്‍ഫോയോട് കൂട്ടിച്ചേർത്തു. 

ടീം ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിത്തന്ന നായകനാണ് വിരാട് കോലി. കോലിക്ക് കീഴില്‍ 68ല്‍ 40 മത്സരങ്ങള്‍ ജയിച്ച ഇന്ത്യ 17 എണ്ണത്തില്‍ മാത്രമാണ് തോറ്റത്. 58.82 ആണ് ടെസ്റ്റില്‍ കോലിയുടെ വിജയ ശതമാനം. ധോണി നയിച്ച 60 ടെസ്റ്റുകളില്‍ 27 മാത്രമാണ് ജയിച്ചത്. ഗാംഗുലി 49 ടെസ്റ്റുകളില്‍ ജയിച്ചപ്പോള്‍ 21 മത്സരം ജയിച്ചു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റത്തിന് പിന്നാലെ കോലി രാജിക്കാര്യം അറിയിക്കുകയായിരുന്നു. 

ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് ഇന്ത്യ പുതിയ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിക്കും. നിലവില്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മ കോലിക്ക് പകരക്കാരനാവുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. 

Virat Kohli : 'കോലി ഞെട്ടിപ്പിച്ചു'; രോഹിത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്, ആശംസകളുമായി മറ്റു താരങ്ങളും