സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിംഗ്സിൽ ചേരുമെന്ന വാർത്തകൾക്കിടെ ആർ അശ്വിന്റെ യൂട്യൂബ് ചാനലിൽ അതിഥിയായി എത്തുന്നു. 

ചെന്നൈ: സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ടീം വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ചേരാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ആര്‍ അശ്വിന്‍റെ യുട്യൂബ് ചാനലില്‍ അതിഥിയായി സഞ്ജു എത്തുന്നു. അശ്വിന്‍റെ യുട്യൂബ് ചാനലിലെ കുട്ടി സ്റ്റോറീസ് സീരീസിലാണ് സഞ്ജു അതിഥിയായി എത്തുന്നത്. അശ്വിനും ചെന്നൈ സൂപ്പര്‍ കിംഗ്സ് വിടാന്‍ താല്‍പര്യപ്പെടുന്നുവെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

വീഡിയോയുടെ ഭാഗമായി പുറത്തിറക്കിയ പ്രമോ വീഡിയോയില്‍ അശ്വിൻ സ‍ഞ്ജുവിനോട് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് വരാന്‍ പോകുന്നുവെന്ന കാര്യത്തെക്കുറിച്ചാണ് ചോദിക്കുന്നത്. കേരളത്തില്‍ താമസിച്ച് ചെന്നൈയിലേക്ക് വരുന്നതിനെക്കുറിച്ചാണ് താന്‍ നേരിട്ട് ചോദിക്കാന്‍ പോകുന്നതെന്ന് അശ്വിന്‍ വീഡിയോയില്‍ പറയുമ്പോള്‍ ചിരിയാണ് സഞ്ജുവിന്‍റെ മറുപടി.

Scroll to load tweet…

സഞ്ജു സാംസണെ ട്രേഡിലൂടെ വിട്ടുകൊടുക്കണമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ രണ്ട് താരങ്ങളെ പകരം കൈമാറണമെന്ന് രാജസ്ഥാന്‍ റോയല്‍സ് ഉപാധിവെച്ചതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചെന്നൈയുടെ ഏതൊക്കെ താരങ്ങളെയാണ് രാജസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഐപിഎല്‍ സീസണ് മുമ്പ് 18 കോടിക്ക് സഞ്ജുവിനെ അടുത്ത മൂന്ന് സീസണിലേക്ക് നിലനിര്‍ത്തിയ രാജസ്ഥാന് അടുത്ത രണ്ട് സീസണുകളില്‍ കൂടി മലയാളി താരത്തെ ടീമില്‍ കളിപ്പിക്കാം.

കഴിഞ്ഞ ഐപിഎല്‍ സീസണ്‍ അവസാനിച്ചതിന് പിന്നാലെ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലകനായ സ്റ്റീഫൻ ഫ്ലെമിംഗുമായി അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റിനിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. എം എസ് ധോണിയുടെ പകരക്കാരനായി വിക്കറ്റ് കീപ്പറെ തേടുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് സഞ്ജുവിനെ സ്വന്തമാക്കിയാല്‍ മലയാളി ആരാധകരുടെ കൂടുതല്‍ പിന്തുണയും ഉറപ്പിക്കാനാവും. ചെന്നൈക്കൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജുവിനായി ശക്തമായി രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക